NEWSROOM

എൻസിപിയിലെ മന്ത്രിമാറ്റം; നേതാക്കൾ നാളെ മുഖ്യമന്ത്രിയെ കാണും

എൻസിപിയിൽ തർക്കം തുടരുന്നതിനിടെയാണ് പാർട്ടിയിൽ മന്ത്രിമാറ്റമുണ്ടാകുമെന്ന സൂചന വരുന്നത്. പാർട്ടി അധ്യക്ഷൻ ശരദ് പവാറുമായി നടന്ന ചർച്ചയിലാണ് തീരുമാനം

Author : ന്യൂസ് ഡെസ്ക്

എൻസിപിയിലെ മന്ത്രിമാറ്റത്തിൻ്റെ ഭാഗമായി നേതാക്കൾ നാളെ മുഖ്യമന്ത്രിയെ കാണും. തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് മുഖ്യമന്ത്രിയെ അറിയിക്കുമെന്നാണ് സൂചന. പി.സി. ചാക്കോ, എ.കെ. ശശീന്ദ്രൻ, തോമസ്. കെ. തോമസ് എന്നിവർ ഒന്നിച്ചാണ് മുഖ്യമന്ത്രിയെ കാണുകയെന്നാണ് ലഭ്യമാകുന്ന വിവരം.

മന്ത്രി സ്ഥാനത്തെ ചൊല്ലി ദീർഘ നാളായി എൻസിപിയിൽ തർക്കം തുടരുന്നതിനിടെയാണ് പാർട്ടിയിൽ മന്ത്രിമാറ്റമുണ്ടാകുമെന്ന സൂചന വരുന്നത്. പാർട്ടി അധ്യക്ഷൻ ശരദ് പവാറുമായി നടന്ന ചർച്ചയിലാണ് തീരുമാനം. മന്ത്രിസ്ഥാനം മാറുന്ന കാര്യത്തിൽ എ.കെ. ശശീന്ദ്രൻ സന്നദ്ധത അറിയിച്ചെന്നാണ് വിവരം. ശശീന്ദ്രൻ രാജിവെയ്ക്കുന്ന വിവരം മുഖ്യമന്ത്രിയെ എൻസിപി നേതാക്കൾ അറിയിച്ചതിനു ശേഷം ആകും തോമസ് കെ. തോമസിനെ മന്ത്രിയാക്കിയുള്ള പ്രഖ്യാപനം ഉണ്ടാവുക.


ഇടതുപക്ഷത്തിന് ഉലച്ചിൽ ഉണ്ടാകുന്ന ഒരു തീരുമാനവും തന്‍റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന് എ.കെ. ശശീന്ദ്രന്‍ പ്രതികരിച്ചിരുന്നു. മന്ത്രിസ്ഥാന മാറ്റത്തെക്കുറിച്ച് മുഖ്യമന്ത്രി തന്നോട് പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയാണ് മന്ത്രിയെ മാറ്റണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതെന്നും എ.കെ. ശശീന്ദ്രന്‍ കൂട്ടിച്ചേർത്തു. എൻസിപിക്ക് ഒരു മന്ത്രി വേണമെന്നത് പ്രവർത്തകനെന്ന നിലയിൽ താനും ആഗ്രഹിക്കുന്നുണ്ട്. ഇടതു മുന്നണി യോഗത്തിൽ ഈ വിഷയം ചർച്ചയാകുമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി. രാജിവെക്കുന്നതിൽ ഒരു മടിയുമില്ലെന്നും മന്ത്രിസ്ഥാനത്ത് നിന്ന് മാറാൻ എപ്പോഴും സന്നദ്ധനാണെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞിരുന്നു.

സംസ്ഥാന നേതൃത്വവുമായി ഒരുതരത്തിലുള്ള അഭിപ്രായഭിന്നതയുമില്ലെന്നും, എൻസിപിക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാകണമെന്ന് തന്നെയാണ് ആഗ്രഹമെന്നും എ.കെ ശശീന്ദ്രൻ വ്യക്തമാക്കി. രാജിവെക്കുകയില്ല എന്ന് ഒരു സ്ഥലത്തും താൻ പറഞ്ഞിട്ടില്ലെന്നും ശശീന്ദ്രൻ പറഞ്ഞു. അതേസമയം രണ്ടര വർഷത്തെ മന്ത്രി പദവി ദേശീയ നേതൃത്വത്തിന്റെ തീരുമാനമാണെന്ന് തോമസ് കെ തോമസും വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT