മുസ്ലീം ലീഗ് ബോധപൂർവം ഇടതു വിരുദ്ധത പ്രചരിപ്പിക്കുന്നുവെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. ന്യൂനപക്ഷ സമുദായത്തിൽ ഇടതുപക്ഷം ശക്തമാകുന്നു. മതനിരപേക്ഷ ചിന്തയിൽ നിന്ന് ലീഗ് മുസ്ലിം വോട്ടുബാങ്ക് ഉണ്ടാക്കുന്നു. വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളെ ലക്ഷ്യമിട്ട് സിപിഎമ്മിനെതിരെ ലീഗ് ന്യൂനപക്ഷ വിരുദ്ധത സൃഷ്ടിക്കുന്നു. തെറ്റായ രാഷ്ട്രീയ നീക്കമാണ് ലീഗ് തുടരുന്നത്. ഇത് ജനങ്ങൾ നിരാകരിക്കണമെന്നും എ. വിജയരാഘവൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദ ഹിന്ദു ദിനപത്രത്തിലെ മലപ്പുറം പരാമർശത്തിൽ, അതെ സംബന്ധിച്ച് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. പിആർ ഏജൻസി വേണോ വേണ്ടയോ എന്നത് ഓരോ സാഹചര്യത്തിനനുസരിച്ചാണ്. മലപ്പുറം എന്ന് കേട്ടാൽ ലീഗ് വർഗീയതയാക്കുകയാണ്. വസ്തുതകളെ ലീഗ് വർഗീയ വീക്ഷണകോണിൽ ആക്കുന്നുവെന്നും എ. വിജയരാഘവൻ ആരോപിച്ചു.
അതേസമയം, ദ ഹിന്ദുവിൽ നൽകിയ അഭിമുഖത്തിൽ വന്ന പരാമർശങ്ങളിൽ പ്രതികരണം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ തന്നെ നൽകിയിരുന്നു. നമ്മുടെ സംസ്ഥാനത്തെ ഒരു ജില്ലയേയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തുന്ന സമീപനം തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തെപ്പറ്റി തന്റെ ഭാഗത്ത് നിന്ന് മുൻപും പരാമർശം ഉണ്ടായിട്ടില്ല. എന്നാൽ ചില കാര്യങ്ങളിൽ വിയോജിപ്പ് പറയാറുണ്ട്. വർഗീയത അടക്കമുള്ള കാര്യങ്ങളിലുള്ള വിയോജിപ്പ് മുൻപും തുറന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.