NEWSROOM

സ്വര്‍ണക്കടത്ത് മുതല്‍ എഡിജിപി വരെ; വിവാദങ്ങള്‍ക്കിടെ നാളെ ഇടതുമുന്നണി യോഗം

പുതിയ മദ്യനയത്തിന് അംഗീകാരം നൽകലാണ് അജണ്ടയെങ്കിലും എം.ആർ അജിത് കുമാറിന്റെ ആർഎസ്എസ് കൂടിക്കാഴ്ചയും യോഗത്തിൽ ചർച്ചയാകും

Author : ന്യൂസ് ഡെസ്ക്


സർക്കാരിനെതിരെയുള്ള വിമർശങ്ങൾ ശക്തമാകുന്നതിനിടെ ഇടതുമുന്നണി യോഗം നാളെ ചേരും. ഭരണകക്ഷി എംഎൽഎ പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളിലും എഡിജിപി-ആർഎസ്എസ് ബന്ധത്തിലും സിപിഎമ്മും സർക്കാരും വലിയ പ്രതിസന്ധിയിൽ നിൽക്കുമ്പോഴാണ് എൽഡിഎഫ് യോഗം ചേരുന്നത്.

പുതിയ മദ്യനയത്തിന് അംഗീകാരം നൽകലാണ് അജണ്ടയെങ്കിലും എം.ആർ. അജിത് കുമാറിന്റെ ആർഎസ്എസ് കൂടിക്കാഴ്ചയും യോഗത്തിൽ ചർച്ചയാകും എന്നാണ് സൂചന. എം.ആർ. അജിത് കുമാറിനെതിരെ പരസ്യ നിലപാടെടുത്ത സിപിഐ, എഡിജിപി സ്ഥാനത്തുനിന്ന് അജിത് കുമാറിനെ മാറ്റണമെന്ന് മുന്നണി യോഗത്തിൽ ആവശ്യപ്പെടും.

ALSO READ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സര്‍ക്കാര്‍ എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നു?

തൃശ്ശൂർ പൂരം അലങ്കോലമാക്കിയത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് പുറത്തുവിടാനും സിപിഐ സമ്മർദ്ദം ചെലുത്തും. വിവാദങ്ങൾ ഉണ്ടായ ശേഷം സർക്കാരും സിപിഎമ്മും അതിനോട് പ്രതികരിച്ച രീതിയിലും സിപിഐക്കും മറ്റു ഘടക കക്ഷികൾക്കും അമർഷമുണ്ട്. സർക്കാരിനെയും മുന്നണിയേയും കൂടുതൽ പ്രതിരോധത്തിലാക്കുന്ന പരാമർശങ്ങളാണ് സ്പീക്കർ എ.എൻ. ഷംസീർ ഉൾപ്പടെ സ്വീകരിച്ചതെന്ന വിമർശനം മുന്നണിക്കകത്ത് ശക്തമാണ്.

എം.ആർ. അജിത്കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചതും പി.വി. അൻവറിൻ്റെ ആരോപണങ്ങൾ ഗൗരവമായി കണ്ട് നടപടി തുടങ്ങിയതും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി യോഗത്തിൽ വിശദീകരണം നൽകിയേക്കും.

SCROLL FOR NEXT