NEWSROOM

വിധിയെഴുതാൻ പാലക്കാട്: ശുഭപ്രതീക്ഷയിൽ മുന്നണികളും സ്ഥാനാർഥികളും

184 ബൂത്തുകളിലും വോട്ടിങ് ആരംഭിച്ചപ്പോൾ ആദ്യമണിക്കൂറിൽ 6.34 ആണ് പോളിങ് ശതമാനം

Author : ന്യൂസ് ഡെസ്ക്


പാലക്കാട് മണ്ഡലത്തിൽ ജനങ്ങൾ ഇന്ന് വിധിയെഴുതുമ്പോൾ തികഞ്ഞ വിജയപ്രതീക്ഷയിലാണ് പ്രധാന മുന്നണികളിലെ സ്ഥാനാർഥികൾ. മതേതര കാഴ്ചപ്പാടിൽ വോട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. വലിയ ശുഭപ്രതീക്ഷയാണ് ഉള്ളത്. മൂന്ന് പഞ്ചായത്തിലും നഗരസഭയിലും ലീഡ് നേടി ജയിക്കും. തെരഞ്ഞെടുപ്പിൽ ചർച്ചയാവേണ്ട കാര്യങ്ങൾ ചർച്ചയാവാത്തതിൽ പരിഭവമുണ്ടെന്നും രാഹുൽ വ്യക്തമാക്കി.

സിപിഎം ഇരട്ടവോട്ടുകൾ ഇന്ന് തടയും എന്ന് പറയുന്നതിൽ യുക്തിയില്ല. സംഘർഷമുണ്ടാക്കാൻ വേണ്ടിയാണിതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പരസ്യ വിവാദത്തിൽ സിപിഎം നിലപാട് തട്ടിപ്പാണ്. സന്ദീപ് വാര്യർക്ക് എതിരെ പരസ്യം കൊടുത്തവർ എന്തുകൊണ്ട് സുരേന്ദ്രൻ്റെ നിലപാടിനെ കുറിച്ച് പരസ്യം കൊടുത്തില്ല. ബിജെപി സ്ഥാനാർഥിയുടെ നിലപാടിനെതിരെയും പരസ്യം കൊടുക്കാതിരുന്നത് എന്താണെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.

തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുമെന്ന പ്രതീക്ഷ ഇടത് സ്ഥാനാർഥി ഡോ. പി. സരിനും പങ്കുവച്ചു. പാലക്കാടിന്‍റേത് ശരിയുടെയും സത്യത്തിന്‍റെയും തീരുമാനമായിരിക്കും. ജനങ്ങളെ വെല്ലുവിളിക്കുന്ന എല്ലാ ശീലങ്ങൾക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പ് മറുപടി നൽകുമെന്നും സരിൻ പറഞ്ഞു. ഇടതുപക്ഷത്തിന് അനുകൂലമായി പാലക്കാട്ടെ ജനം വോട്ട് ചെയ്യും. പാലക്കാട്ടെ ജനങ്ങളുടെ മനസ് തന്നോടൊപ്പം ഉണ്ടാകുമെന്നും പി. സരിൻ പറഞ്ഞു.

ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേന്ദ്രീകരിച്ചാണ് തന്‍റെ പ്രചാരണം. കള്ളവോട്ട് ആരോപണത്തിൽ പരാതി നൽകിയിട്ടുണ്ടെങ്കില്‍ അത് കാര്യമാക്കുന്നില്ല. ഇരട്ട വോട്ടുള്ള ആരും ഇത്തവണ പോളിങ് ബൂത്തിൽ എത്തില്ലെന്ന ആശ്വാസമുണ്ട്. കളക്ടര്‍ അത്തരമൊരു നടപടി സ്വീകരിച്ചത് നല്ല കാര്യമാണ്. സിപിഎം ഇക്കാര്യം തെളിവ് സഹിതം പരാതിയായി ഉന്നയിച്ചിരുന്നുവെന്നും സരിൻ വ്യക്തമാക്കി.

70000ത്തിൽ കുറയാത്ത മനുഷ്യര്‍ ഇടതുപക്ഷത്തിനായി വോട്ട് ചെയ്യും. ജനങ്ങള്‍ കൂട്ടത്തോടെ അറിഞ്ഞു ചെയ്യുന്ന വോട്ടായി ഇത്തവണതേത് മാറുമെന്ന് പ്രതീക്ഷിക്കുന്നതായും സരിൻ വ്യക്തമാക്കി. അതേസമയം സരിന് വോട്ടുള്ള 88ാം നമ്പര്‍ ബൂത്തിൽ വിവിപാറ്റിന്‍റെ സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് വോട്ടിങ് രാവിലെ ആരംഭിക്കാനായിരുന്നില്ല. തുടർന്ന് വിദഗ്ദർ എത്തി യന്ത്രത്തകരാർ പരിഹരിച്ചു. യന്ത്രത്തകരാർ പരിഹരിക്കാനായി ആദ്യമെത്തിച്ച മെഷീനും തകരാറായതിനെത്തുടർന്ന് മറ്റൊരു മെഷീൻ എത്തിക്കുകയായിരുന്നു. ഇതും തകരാറായതോടെയാണ് വോട്ടിങ് താമസിച്ചത്. ഏകദേശം 40 മിനുട്ടോളമാണ് തകരാർ പരിഹരിക്കാനായി വേണ്ടി വന്നത്.

പാലക്കാട്ടെ ജനങ്ങൾ ഇന്ന് വിധിയെഴുതുമ്പോൾ മണ്ഡലത്തിൽ ഉയർന്ന എല്ലാ വിവാദങ്ങളും എൻഡിഎയക്ക് ഗുണമാകുമെന്നാണ് സ്ഥാനാർഥി സി. കൃഷ്ണകുമാറിന്റെ പ്രതീക്ഷ. വിവാദങ്ങൾ ഒന്നും ബിജെപിയെ ബാധിക്കില്ല. പരസ്യവിവാദവും ബിജെപിക്ക് ഗുണം ചെയ്യുമെന്നും സി. കൃഷ്ണകുമാർ പറഞ്ഞു. ന്യൂനപക്ഷ വിഭാഗം ബിജെപിക്കൊപ്പം നിൽക്കും. മണ്ഡലത്തിൽ ഇടത് വലത് മുന്നണികൾ നടത്തുന്നത് ഒരേ സമീപനമാണ്. മുനമ്പം വിഷയവും ബിജെപിക്ക് വോട്ടായി മാറും. പാലക്കാടിനെ വഞ്ചിച്ച ഷാഫിക്കെതിരായ വിധിയെഴുത്താകും ഇത്തവണയുണ്ടാകുക എന്നും സ്ഥാനാർഥി സി. കൃഷ്ണകുമാർ പറഞ്ഞു.

അതേസമയം 184 ബൂത്തുകളിലും വോട്ടിങ് ആരംഭിച്ചപ്പോൾ ആദ്യമണിക്കൂറിൽ 6.76 ആണ് പോളിങ് ശതമാനം. രാവിലെ 7 മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. പ്രധാന മുന്നണി സ്ഥാനാർഥികൾ ഉൾപ്പടെ പത്ത് സ്ഥാനാർഥികളാണ് പാലക്കാട് ഇത്തവണ ജനവിധി തേടുന്നത്.

ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ, കോൺഗ്രസ് എം.പി. ഷാഫി പറമ്പിൽ എന്നിവർ ആദ്യ മണിക്കൂറിൽ തന്നെ വോട്ട് രേഖപ്പെടുത്തി.

SCROLL FOR NEXT