നിയമസഭയിൽ പ്രതിപക്ഷം ചർച്ചയാക്കിയ പൊലീസ് ആത്മഹത്യയെ സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറഞ്ഞ് മുഖ്യമന്ത്രി. പൊലീസ് ആത്മഹത്യയ്ക്ക് പ്രധാന കാരണം സാമ്പത്തിക പ്രശ്നങ്ങളും, കുടുംബ പ്രശ്നങ്ങളും, ഔദ്യോഗിക ജീവിതത്തിലെ പ്രശ്നങ്ങളുമാണെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ആത്മഹത്യാ പ്രവണത കുറയ്ക്കാൻ കൗൺസിലിംഗ്, യോഗ തുടങ്ങിയവയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മെൻററിംഗും നടത്തിവരുന്നുണ്ട്. പൊലീസ് വെൽഫയർ ബ്യൂറോ രൂപീകരിച്ചു. അർഹമായ ലീവുകൾ നൽകുന്നതിന് സംസ്ഥാന പൊലീസ് മേധാവി സർക്കുലറിലൂടെ നിർദ്ദേശം നൽകി. സേനാംഗങ്ങളുടെ പരിശീലന കാലയളവിൽ സാമ്പത്തിക അച്ചടക്കത്തെ സംബന്ധിച്ച് പരിശീലനം നൽകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, എട്ടുമണിക്കൂർ ജോലി എന്നത് വേഗത്തിൽ നടപ്പാക്കാൻ കഴിയില്ല, പുതിയ 13 പൊലീസ് സ്റ്റേഷനുകൾ കൂടി ഉടൻ ആരംഭിക്കുമെന്നും, കേരള പൊലീസ് ഇന്ന് രാജ്യത്തിന് മാതൃകയാണെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
പൊലീസുകാരുടെത് ദുരിത- നരക ജീവിതമെന്ന് പി.സി വിഷ്ണുനാഥ് എംഎൽഎ സഭയിൽ ആരോപിച്ചു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 88 പൊലീസ് ഉദ്യോഗസ്ഥരാണ് ആത്മഹത്യ ചെയ്തത്, സഭ നടക്കുന്ന ആറ് ദിവസത്തിനിടയിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്തു. പൊലീസുകാർക്ക് ഡ്യൂട്ടി സമയത്തിനിടയിൽ യോഗ ചെയ്യാൻ എവിടെയാണ് സമയം, സമയത്തിന് ആഹാരമോ ഉറക്കമോ ഇല്ല, എട്ട് മണിക്കൂർ ഉറക്കം സ്വപ്നങ്ങളിൽ മാത്രം. സേനയിൽ അംഗബലമില്ലെന്നും വിഷ്ണുനാഥ് സഭയിൽ ആരോപിച്ചു. ശരാശരി 44 പൊലീസുകാരെ വച്ചാണ് 118 പൊലീസുകാരുടെ ജോലി ചെയ്യിക്കുന്നത്. അംഗബലമില്ലെന്ന് പറയുമ്പോഴും, റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ സമരം കാണാൻ സർക്കാർ തയ്യാറായോ എന്ന് പ്രതിപക്ഷം ചോദിച്ചു. പൊലീസുകാർക്ക് വിഷാദരോഗം ഉണ്ടാകുന്നു, പിടിച്ചുനിൽക്കാനാകാതെയാണ് ആത്മഹത്യ ചെയ്യുന്നത്. വനിതാ പൊലീസുകാർക്ക് ജീവിതശൈലി രോഗങ്ങൾ വർധിക്കുന്നുവെന്നും വിഷ്ണുനാഥ് പറഞ്ഞു.
സേനയിലെ പ്രശ്നങ്ങളും മാനസിക സംഘർഷത്തിന് ഇടയാക്കിയിട്ടുണ്ടെങ്കിലും, അത് മാത്രമല്ല കാരണമെന്ന് പി.സി വിഷ്ണുനാഥിൻ്റെ ആരോപണങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ആത്മഹത്യ വർധിക്കണമെന്ന് സർക്കാർ ആഗ്രഹിക്കുന്നില്ല, സർക്കാർ വിഷയത്തിൽ ആവശ്യമായ ഇടപെടൽ നടത്തുന്നുണ്ട്. മാനസിക സംഘർഷം കുറയ്ക്കാൻ യോഗ സഹായിക്കും, തിരക്കുകൾക്കിടയിലും ചെയ്യാൻ കഴിയുന്ന ഒന്നാണത്. 8 മണിക്കൂർ ജോലി പൂർണമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല, ചില സ്റ്റേഷനുകളിൽ നടപ്പാക്കുന്നുണ്ട്, അത് വ്യാപിപ്പിക്കും. ചീഞ്ഞളിഞ്ഞ മൃതദേഹത്തിന് അരികിൽ നിന്ന് പൊലീസുകാരന് മാറിപ്പോകാൻ കഴിയില്ല, അത് പൊലീസ് ഡ്യൂട്ടിയുടെ ഭാഗമായി വരുന്നതാണ്. പൊലീസ് സ്റ്റേഷനുകളിൽ അംഗങ്ങളുടെ എണ്ണം വർധിപ്പിക്കേണ്ടതുണ്ടെന്നും, ഡ്രൈവർമാരുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നില്ലയെന്നും, സ്റ്റേഷനുകളുടെ ആവശ്യങ്ങൾക്കുള്ള തുക സർക്കാർ നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി മറുപടിയിൽ പറഞ്ഞു. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ സമരത്തെക്കുറിച്ചുള്ള ചോദ്യത്തിന് റാങ്ക് ലിസ്റ്റിൽപ്പെടുന്ന എല്ലാവരുടെയും ചിന്ത ഞാൻ ജോലിക്ക് അർഹനായി എന്നാണ്, അത് തെറ്റല്ലയെന്നും, എന്നാൽ, ആ പട്ടികയിൽ ഉള്ള മുഴുവൻ പേരെയും എടുക്കുവാൻ സാധിക്കുകയില്ല, ഇത് പ്രമേയ അവതാരകന് മനസ്സിലാകാഞ്ഞിട്ടല്ല, സർക്കാരിനെ കുറ്റപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു.
പൊലീസ് ആത്മഹത്യ മുഖ്യമന്ത്രി ചെറുതായി കാണണ്ടയെന്നും, പൊലീസുകാർക്ക് നേരെ അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഭയിൽ ആരോപിച്ചു. പഴയ കുട്ടൻപിള്ള പൊലീസിന്റെ കാലമല്ല ഇതെന്നും, ജനങ്ങളുടെ കൂടപ്പിറപ്പായി നിൽക്കുന്ന സംവിധാനമാണ് പൊലീസെന്നും വി.ഡി സതീശൻ പറഞ്ഞു.
പുതിയതരം കുറ്റകൃത്യങ്ങൾ സമൂഹത്തിൽ വർധിച്ചുവരുന്നുവെന്നും, ഇവയെല്ലാം കാരണം ജോലിഭാരം വർധിക്കുന്നു എന്നത് ശരിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതനുസരിച്ച് അംഗബലം വർധിപ്പിക്കാനും, സാങ്കേതികവിദ്യ ഉദ്യോഗിച്ച് ജോലിഭാരം കുറയ്ക്കാനും സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതൊരു വകുപ്പിന്റെ മാത്രം പ്രശ്നമായി കാണേണ്ടതില്ലെന്നും, പൊലീസുകാരുടെ മനോവീര്യം തകർക്കുന്ന നടപടികൾ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.