NEWSROOM

'വൈദികരെ പള്ളിമേടയിൽ കയറി തല്ലണം'; കുർബാന പ്രശ്നത്തില്‍ സമവായം അംഗീകരിക്കാതെ സിനഡ് അനുകൂലികൾ

കുർബാന പ്രശ്നത്തിൽ അണികളെ അക്രമത്തിന് പ്രേരിപ്പിച്ച് മനപ്പൂർവ്വം കലാപമുണ്ടാക്കുന്നത് മൗണ്ടിൽ ഇരിക്കുന്ന ചില വൈദികരാണെന്നും അൽമായ മുന്നേറ്റം കുറ്റപ്പെടുത്തി

Author : ന്യൂസ് ഡെസ്ക്

കുർബാന പ്രശ്നത്തിൽ സമവായം അംഗീകരിക്കാൻ തയ്യാറാകാതെ സിനഡ് അനുകൂലികൾ. വൈദികരെ പള്ളിമേടയിൽ കയറി തല്ലണമെന്ന് ആഹ്വാനം ചെയ്യുന്ന വോയ്സ് ക്ലിപ്പുകളും പുറത്തുവന്നിട്ടുണ്ട്. കുർബാന പ്രശ്നവുമായി ബന്ധപ്പെട്ട് വെള്ളാരപ്പള്ളിയിലും കൊരട്ടിയിലും കയ്യാങ്കളി നടന്നു. നടുവട്ടത്തും ഉദയനാപുരത്തും ക്രമസമാധാന പ്രശ്നങ്ങൾ  നിലനിൽക്കുന്നുണ്ട്.

അതിനിടെ പൂർണമായി സിനഡ് കുർബാന നടക്കുന്ന കാക്കനാട്, തിരുവാങ്കുളം, തോപ്പിൽ, ഫോർട്ട് കൊച്ചി, മരുത്തോർവട്ടം തുടങ്ങിയ പള്ളികളിൽ ജനാഭിമുഖ കുർബാന ആവശ്യപ്പെട്ടു കൊണ്ട്  വിശ്വാസികൾ പരാതി നൽകി. ആൻഡ്രൂസ് മെത്രാനും കർദ്ദിനാൾ ആലഞ്ചേരിയും ചേർന്ന് സമവായം അട്ടിമറിക്കുന്നുവെന്നും അൽമായ മുന്നേറ്റം കുറ്റപ്പെടുത്തി. എന്നാൽ കുർബാന പ്രശ്നത്തിൽ അണികളെ അക്രമത്തിന് പ്രേരിപ്പിച്ച് മനപ്പൂർവം കലാപമുണ്ടാക്കുന്നത് മൗണ്ടിൽ ഇരിക്കുന്ന ചില വൈദികരാണെന്നും അൽമായ മുന്നേറ്റം കുറ്റപ്പെടുത്തി.

സിറോ മലബാർ സഭയെ പിടിച്ചുലച്ച കുർബാനത്തർക്കത്തിന് വൈദികരും വിശ്വാസികളും ചേര്‍ന്നുള്ള ചര്‍ച്ചയ്ക്കൊടുവിലാണ് പരിഹാരം കണ്ടത്. അതിരൂപതയിൽ ജനാഭിമുഖ കുർബാനയ്ക്കൊപ്പം ഞായറാഴ്ചകളിലും, വിശേഷ ദിവസങ്ങളിലും ഏകീകൃത രീതിയിലുള്ള ഒരു കുർബാനയെങ്കിലും ചൊല്ലണമെന്നായിരുന്നു ധാരണ. സമാധനാന്തരീക്ഷം തകര്‍ക്കാതെ സമവായ നിര്‍ദേശം നടപ്പാക്കണമെന്നായിരുന്നു നിര്‍ദേശം.

SCROLL FOR NEXT