തൃശൂർ വടക്കാഞ്ചേരി മങ്കരയിൽ ജനവാസ കേന്ദ്രത്തിൽ മൊബൈൽ ടവർ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. പരിസ്ഥിതി ലോലപ്രദേശത്ത് ടവർ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ. മങ്കര, കാട്ടുകുളത്ത് അകലെകുന്നിലാണ് ടവർ സ്ഥാപിക്കുന്നതിനുള്ള നീക്കങ്ങൾ നടക്കുന്നത്.
വടക്കാഞ്ചേരി നഗരസഭയിലെ കാട്ടുകുളം കുന്നിലാണ് സ്വകാര്യ മൊബൈൽ കമ്പനി ടവർ സ്ഥാപിക്കാൻ ഒരുങ്ങിയത്. പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ പരിസരവാസികളുടെ സമ്മതം ഇല്ലാതെയാണ് ടവർ സ്ഥാപിക്കുന്നതെന്നാണ് ആരോപണം. കഴിഞ്ഞ മഴക്കാലത്ത് പ്രദേശത്ത് ഉരുൾപൊട്ടൽ ഭീഷണിയുണ്ടായിരുന്നതായും മണ്ണിടിഞ്ഞെന്നും നാട്ടുകാർ പറയുന്നു.
ടവർ നിർമാണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ അധികൃതർക്ക് നാട്ടുകാർ ഭീമ ഹർജി സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനങ്ങൾ ഒന്നുമായിട്ടില്ലെന്നാണ് നഗരസഭാ അധികൃതർ നൽകുന്ന വിശദീകരണം.