NEWSROOM

കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; അമ്മയുടെ ശിക്ഷാ വിധി ഇന്ന്

കൊല്ലം ഫസ്റ്റ് ക്ലാസ് അഡീഷണൽ ജഡ്ജി പി.എൻ. വിനോദ് ആണ് ശിക്ഷ വിധിക്കുക

Author : ന്യൂസ് ഡെസ്ക്

കൊല്ലം കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മ രേഷ്മയുടെ ശിക്ഷാ വിധി ഇന്ന് പ്രസ്താവിക്കും. കൊല്ലം ഫസ്റ്റ് ക്ലാസ് അഡീഷണൽ ജഡ്ജി പി.എൻ. വിനോദാണ് ശിക്ഷ വിധിക്കുക. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 പാർട്ട് രണ്ട് പ്രകാരം, കൊലക്കുറ്റത്തിനേക്കാൾ കുറഞ്ഞ നരഹത്യാ കുറ്റവും, ജുവനൈൽ ആക്ടിലെ 75 വകുപ്പ് പ്രകാരം കുട്ടികളോട് കാണിക്കുന്ന ക്രൂരതാ കുറ്റവുമാണ് ചുമത്തിയത്.

2021 ജനുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. ഗർഭിണിയാണെന്ന വിവരം മറച്ചുവെച്ച രേഷ്മ കുളിമുറിയിൽ ആൺ കുഞ്ഞിന് ജന്മം നൽകിയ ശേഷം കുട്ടിയെ സമീപത്തെ റബർ എസ്റ്റേറ്റിൽ ഉപേക്ഷിച്ചു. അവശയായ കുഞ്ഞിനെ നാട്ടുകാർ പൊലീസിൻ്റെ സഹായത്താൽ കണ്ടെത്തിയെങ്കിലും,  പിന്നീട് മരിക്കുകയായിരുന്നു. സംശയത്തിൻ്റെ അടിസ്ഥാനത്തിൽ ഡി.എൻ.എ പരിശോധന നടത്തിയതിനെ തുടർന്നാണ് കുട്ടി പ്രദേശവാസിയായ രേഷ്മയുടേതാണെന്ന് കണ്ടെത്തിയത്.

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട, നേരിൽ കാണാത്ത കാമുകൻ അനന്തുവിന് വേണ്ടിയായിരുന്നു പിഞ്ച് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. എന്നാൽ അനന്തുവെന്ന പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി രേഷ്മയുമായി ചാറ്റ് ചെയ്തത് ബന്ധുക്കളായ ആര്യയും, ഗ്രീഷ്മയുമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതോടെ ഇരുവരും ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യ ചെയ്തു.

പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 31 സാക്ഷികളെ വിസ്തരിക്കുകയും 66 രേഖകൾ ഹാജരാക്കുകയും ചെയ്തു. വിചാരണയ്ക്കിടെ രേഷ്മയുടെ അമ്മ ഗീത, ഭർത്താവിൻ്റെ മാതാവ് ഗിരിജ, അയൽവാസികൾ എന്നിവർ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു. രേഷ്മയുടെ ഭർത്താവ് വിഷ്ണുവും കോടതിയിൽ പ്രതിഭാഗം സാക്ഷിയായി.

SCROLL FOR NEXT