NEWSROOM

ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരികേസ്; നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കൂടുതൽ വിവരങ്ങൾ തേടും

വിദേശത്തുനിന്നും ലഹരി എത്തിച്ച് ഡിജെ പാർട്ടികൾക്കായി വിതരണം ചെയ്തുവെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ ഉണ്ടായിരുന്നു

Author : ന്യൂസ് ഡെസ്ക്

ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരി കേസിൽ കൂടുതൽ വിവരങ്ങൾ തേടി നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). മരട് പൊലീസിൽ നിന്നാണ് എൻസിബി ഉദ്യോഗസ്ഥർ വിവരങ്ങൾ തേടിയത്. പ്രതികൾ വിദേശത്തുനിന്നും ലഹരി എത്തിച്ച് ഡിജെ പാർട്ടികൾക്കായി വിതരണം ചെയ്തിരുന്നുവെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ ഉണ്ടായിരുന്നു.

ഇതിനിടെ ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ നിന്ന് രാസലഹരിയുടെ അംശം കണ്ടെത്തിയിരുന്നു. രാസപരിശോധന റിപ്പോർട്ടിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിക്കും. ഓം പ്രകാശിൻ്റെ ജാമ്യം റദ്ദ് ചെയ്യാനും പൊലീസ് കോടതിയിൽ അപ്പിൽ നൽകും.


കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ്‌ ഭാസിക്കും, പ്രയാഗ മാർട്ടിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉടൻ നോട്ടീസ് അയക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ടവിമലാദിത്യ ന്യൂസ് മലയാളത്തോട് പറഞ്ഞു. അതേസമയം സിനിമാ ലൊക്കേഷനുകളിലെ ലഹരി പരിശോധന വീണ്ടും ആരംഭിക്കാനും എക്സൈസ് പദ്ധതിയിടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിക്കും. നേരത്തെ ഉണ്ടായിരുന്ന പരിശോധനകൾ സിനിമ സംഘടനകളുടെ എതിർപ്പിനെ തുടർന്ന് നിർത്തിയിരുന്നു.

എന്നാൽ ഓംപ്രകാശ് ലഹരിക്കേസിലെ സിനിമ സാന്നിധ്യമാണ് പുതിയ ആലോചനകൾക്ക് വഴിവെച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലും മലയാള സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ലഹരി ഉപയോഗത്തെക്കുറിച്ച് പരാമർശം ഉണ്ടായിരുന്നു. കൃത്യമായ മാർഗ്ഗരേഖ തയ്യാറാക്കിയ ശേഷം ആകും ലൊക്കേഷനുകളിൽ പരിശോധന ആരംഭിക്കുക.

SCROLL FOR NEXT