പ്രധാനമന്ത്രി നരേന്ദ്ര മോദി 
NEWSROOM

നിതി ആയോഗ് യോഗം ഇന്ന്, പ്രധാനമന്ത്രി അധ്യക്ഷനാകും; ഇന്ത്യ സഖ്യത്തിലെ ആറ് മുഖ്യമന്ത്രിമാർ യോഗം ബഹിഷ്കരിക്കും

ബജറ്റിലെ അവഗണനയിൽ പ്രതിഷേധിച്ചാണ് ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിമാർ യോഗം ബഹിഷ്കരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നിതി ആയോഗ് യോഗം ഇന്ന് ചേരും. ഇന്ത്യ സഖ്യത്തിലെ ആറ് മുഖ്യമന്ത്രിമാർ യോഗം ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബജറ്റിലെ അവഗണനയിൽ പ്രതിഷേധിച്ചാണ് ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിമാർ യോഗം ബഹിഷ്കരിക്കുന്നത്. യോഗത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനും പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

യോഗത്തിനില്ലെന്ന് ഇന്ത്യ സഖ്യത്തിലെ മറ്റ് മുഖ്യമന്ത്രിമാരെല്ലാം നിലപാട് സ്വീകരിച്ചപ്പോൾ യോഗത്തിൽ പങ്കെടുക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. യോഗം ബഹിഷ്കരിക്കില്ല, പക്ഷേ ബജറ്റിലെ അവഗണനയ്ക്കെതിരെ പ്രതിഷേധിക്കും. യോഗത്തിൽ പങ്കെടുക്കുന്നതിനെ പറ്റി ഇന്ത്യാ സഖ്യത്തിൽ കൂടിയാലോചനകളൊന്നും നടന്നില്ല, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായി താൻ സംസാരിച്ചു, സോറൻ പങ്കെടുക്കുമെന്ന് അറിയിച്ചെന്നും ഇന്ത്യാ സഖ്യത്തിന് വേണ്ടികൂടിയാണ് യോഗത്തിൽ പങ്കെടുക്കുന്നതെന്നും മമത പറഞ്ഞു.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു, പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മൻ തുടങ്ങിയവരാണ് യോഗത്തിൽ നിന്നും വിട്ടുനിൽക്കുന്നത്. കേന്ദ്ര ബജറ്റ് വിവേചനപരമാണെന്ന നിലപാട് പ്രതിപക്ഷ കക്ഷികൾ തുടക്കം മുതലേ സ്വീകരിച്ചിരുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ബജറ്റില്‍ കടുത്ത അവഗണനയായിരുന്നു നേരിട്ടത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ തഴഞ്ഞപ്പോൾ ആന്ധ്രക്കും ബിഹാറിനും പദ്ധതികൾ വാരിക്കോരി നൽകി.

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്, കസേര നിലനിര്‍ത്താന്‍ വേണ്ടി മാത്രമായിരുന്നുവെന്നും ഫെഡറലിസത്തിലേക്കുള്ള കടന്നുകയറ്റമാണ് ബജറ്റെന്നും പ്രതിപക്ഷം ഒരുപോലെ ആരോപിച്ചിരുന്നു. കേരളം, തമിഴ്‌നാട് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ പേരുകള്‍ പോലും ബജറ്റ് അവതരണത്തിൽ പ്രതിപാദിച്ചില്ല. പാർലമെൻ്റിനകത്തും പുറത്തും ബജറ്റിലെ വിവേചനം ഉയർത്തിക്കാട്ടി കേന്ദ്ര സർക്കാരിൻ്റെ രാഷ്ട്രീയ പകപോക്കലിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.

SCROLL FOR NEXT