NEWSROOM

ഇന്ത്യൻ സ്ത്രീകൾ വ്യാജ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉന്നയിക്കില്ലെന്ന ധാരണ കാലഹരണപ്പെട്ടു: ഹൈക്കോടതി

2014 നും 2019 നും ഇടയിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി പരി​ഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം

Author : ന്യൂസ് ഡെസ്ക്

ഇന്ത്യൻ സ്ത്രീകൾ വ്യാജ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉന്നയിക്കില്ലെന്ന ധാരണ കാലഹരണപ്പെട്ടെന്ന് ഹൈക്കോടതി. വ്യാജ കേസുകളുടെ എണ്ണം വർദ്ധിച്ച് വരുന്നു. വ്യക്തിപരമായ വിദ്വേഷം തീർക്കുന്നതിനും നിയമവിരുദ്ധമായ ആവശ്യങ്ങൾക്കുമായി കേസ് കൊടുക്കുന്നവരുണ്ട്. 2014 നും 2019 നും ഇടയിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. കേസിലെ തുടർ നടപടികൾ ജസ്റ്റിസ് എ. ബദറുദ്ദീൻ റദ്ദാക്കി.


2014-ൽ ഒരു ദിവസം മാത്രം നടന്ന സംഭവത്തിന് ബലാത്സംഗ ആരോപണം ഉന്നയിച്ച് 2019ൽ മാത്രമാണ് എഫ്‌ഐആർ ഫയൽ ചെയ്തതെന്ന് കോടതി കണ്ടെത്തി. പരാതിക്കാരിയും കുറ്റാരോപിതനും തമ്മിൽ മൂന്ന് വർഷമായി ബന്ധപ്പെട്ടിരുന്നില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിക്കെതിരെ ആരോപിച്ചിരിക്കുന്ന പ്രവൃത്തികൾ പരസ്പര സമ്മതത്തോടെയുള്ളതാണെന്നും കോടതി പ്രസ്താവിച്ചു.


വാഹിദ് ഖാൻ vs. സ്റ്റേറ്റ് ഓഫ് മധ്യപ്രദേശ് (2010) എന്ന കേസിലെ സുപ്രീം കോടതി വിധിയെ അടിസ്ഥാനമാക്കിയാണ് കോടതി നടപടി. ഇന്ത്യൻ സമൂഹത്തിൽ പെൺകുട്ടികൾ തെറ്റായ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉന്നയിക്കില്ലെന്നാണ് വിശ്വസിക്കപ്പെടുന്നതെന്നാണ് സുപ്രീം കോടതി ഈ കേസിൽ പറ‍ഞ്ഞത്. കാരണം അവരുടെ ജീവിതത്തിൽ അത് സൃഷ്ടിക്കുന്ന അനന്തരഫലങ്ങളെക്കുറിച്ച് അവർക്ക് അറിയാം. സാമൂഹിക ബഹിഷ്കരണം ഭയന്ന് ലൈംഗികാതിക്രമ ആരോപണങ്ങൾ ഉന്നയിക്കുന്നത് വരനെ കണ്ടെത്തുന്നതിനുള്ള സാധ്യതയെ തടസപ്പെടുത്തുമെന്ന ആശങ്ക അവർക്കുണ്ട്. പെൺകുട്ടികൾ അവരുടെ പവിത്രതയെ ബാധിക്കുന്ന ഏതെങ്കിലും സംഭവങ്ങൾ സമ്മതിക്കാൻ അങ്ങേയറ്റം മടിക്കുന്നതിനാലാണ് ഇതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. എന്നാൽ സമീപകാലത്ത് പെൺകുട്ടികൾ വ്യാജ ലൈം​ഗികാതിക്രമ പരാതികൾ ഉന്നിക്കാൻ‌ മടിക്കുന്നില്ലെന്നാണ് ഹൈക്കോടതി നിരീക്ഷണം. ആരോപണങ്ങൾ ഉന്നയിക്കുന്നത് സത്യത്തിന്റെ അടിസ്ഥാനമില്ലാതെയും നിയമവിരുദ്ധമായ ആവശ്യങ്ങൾക്കായി നിർബന്ധിക്കുന്നതിനുമായാണെന്നും കോടതി നിരീക്ഷിച്ചു.

ഹർജിക്കാരിക്കായി അഡ്വ. യു.കെ. ദേവിദാസ് ആണ് ഹാജരായത്. പ്രതിഭാ​ഗത്തിനായി പബ്ലിക് പ്രോസിക്യൂട്ടർ ജിബു ടി.എസ്., അഡ്വ. കെ.വി. ഭദ്ര കുമാരി എന്നിവരും ഹാജരായി.

SCROLL FOR NEXT