ചെന്നൈയിൽ വ്യോമസേനയുടെ എയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ച് പേർ മരിച്ച സംഭവത്തിൽ സ്റ്റാലിൻ സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം. സർക്കാരിന് വീഴ്ച പറ്റിയെന്നും മോശം ആസൂത്രണം കൊണ്ടാണ് അപകടമുണ്ടായതെന്നും ബിജെപിയും എഐഎഡിഎംകെയും കുറ്റപ്പെടുത്തി. എന്നാൽ സർക്കാർ സ്വീകരിച്ച നടപടികൾ എടുത്തു പറഞ്ഞു കൊണ്ടായിരുന്നു ഡിഎംകെ ഈ ആരോപണങ്ങളെ പ്രതിരോധിച്ചത്.
ഇന്ത്യൻ വ്യോമസേനയുടെ 92-ാമത് വാർഷികാഘോഷവുമായി ബന്ധപ്പെട്ടാണ് മറീന ബീച്ചിൽ വ്യോമാഭ്യാസ പ്രകടനം സംഘടിപ്പിച്ചത്. 15 ലക്ഷത്തോളം പേർ കാണികളായെത്തി ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ എയർ ഷോ പക്ഷേ ദുരന്തത്തിലാണ് അവസാനിച്ചത്. എയർ ഷോ കാണാനെത്തിയ ജനക്കൂട്ടം ഒരുമിച്ച് മടങ്ങവേ തിക്കും തിരക്കുമുണ്ടായി. നിരവധിപേർ കുഴഞ്ഞുവീണു. ഇതിൽ 5 പേർ മരിക്കുകയും 200-ലധികം പേർ പരിക്കേറ്റ് ചികിത്സയിലുമാണ് ഉള്ളത്. ഇതോടെയാണ് സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയത്.
സർക്കാർ അവഗണനയാണ് അപകട കാരണമെന്ന് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ ആരോപിച്ചു. ജനത്തിന് സുരക്ഷയൊരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും ഡിഎംകെയ്ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും ബിജെപി ചൂണ്ടിക്കാട്ടി. സർക്കാർ സ്പോൺസേർഡ് കൊലപാതകമാണ് മറീന ബീച്ചിലുണ്ടായതെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനാവല്ലയും വിമർശിച്ചു. ക്രമീകരണങ്ങളിലെ അപര്യാപ്തത അപകടത്തിലേക്ക് നയിച്ചുവെന്ന് എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി പറഞ്ഞു.
വകുപ്പുകളുടെ കെടുകാര്യസ്ഥത മറനീക്കി പുറത്തുവന്നുവെന്ന് എഐഎഡിഎംകെ നേതാവ് കൊവൈ സത്യൻ വിമർശിച്ചു. സ്റ്റാലിൻ കഴിവുകെട്ട മുഖ്യമന്ത്രിയാണ്. സ്റ്റാലിന് കുടുംബത്തിലാണ് ശ്രദ്ധയെന്ന് കോവൈ സത്യൻ പറഞ്ഞു. ഡിഎംകെ സഖ്യകക്ഷിയായ കോൺഗ്രസിന്റെ എംപി കാർത്തി ചിദംബരം പരോക്ഷ വിമർശനം നടത്തി. 'ആകാശത്തിലെ കാഴ്ച. ഭൂമിയിലെ ദുരന്തം' എന്നായിരുന്നു കാർത്തി ചിദംബരം ട്വീറ്റ് ചെയ്തത്.
എന്നാൽ എയർഫോഴ്സ് ആവശ്യപ്പെട്ടതിലും അധികം സൗകര്യം നൽകിയിരുന്നതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വ്യക്തമാക്കി. അപകടമരണം ദുഃഖകരമാണ്. രാഷ്ട്രീയം കലർത്തരുത് - തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ പറഞ്ഞു. വ്യോമസേനയാണ് പരിപാടി സംഘടിപ്പിച്ചത്. സർക്കാർ സാധ്യമായ എല്ലാ ക്രമീകരണവും ഏർപ്പെടുത്തിയിരുന്നുവെന്ന് ഡിഎംകെ വക്താവ് ടി.കെ.എസ്. ഇളങ്കോവൻ വ്യക്തമാക്കി. മരണവാർത്ത ദുഃഖകരവും വേദനാജനകവുമാണെന്ന് ഡിഎംകെ എംപി കനിമൊഴി പ്രതികരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.