പി.വി. അൻവറിൻ്റെ പരാതിയിൽ പ്രതിപക്ഷം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് മന്ത്രി എം.ബി. രാജേഷ്. തെരഞ്ഞെടുപ്പിന് മുൻപുള്ള രാഷ്ട്രീയ നാടകങ്ങൾ ഇത്തരത്തിൽ ഇനിയും ഉണ്ടാവും. അന്വേഷണം നടക്കട്ടെയെന്നും എം.ബി. രാജേഷ് പറഞ്ഞു.
അതേസമയം, പി.വി. അൻവറിൻ്റെ ആരോപണങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടക്കുകയാണ്. എഡിജിപി അജിത് കുമാറിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും കുറിച്ച് മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും പി.വി. അന്‍വര്‍ നൽകിയ പരാതി സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും.
ALSO READ: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; ADGP അജിത് കുമാര്‍, പി.ശശി വിഷയങ്ങള്‍ ചര്‍ച്ചയാകും
എഡിജിപി അജിത് കുമാറിനെതിരെ നടപടി വേണമോ എന്നതും അജണ്ടയിൽ ഉണ്ട്. സംസ്ഥാന കമ്മിറ്റി അംഗമായ പി. ശശിയ്‌ക്കെതിരെ നൽകിയ പരാതിയിൽ പാർട്ടി അന്വേഷണം ഉണ്ടാകുമോയെന്നതും ഇന്നറിയാം. പരാതി ഗൗരവമായി പരിശോധിക്കുമെന്ന് നേരത്തെ നേതൃത്വം സൂചിപ്പിച്ചിരുന്നു. അൻവറിൻ്റെ പരാതികൾ ഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ നിലപാട് വിഷയത്തില്‍ നിർണായകമാകും.
എഡിജിപി അജിത് കുമാർ, എസ്‍പി സുജിത് ദാസ് എന്നിവർക്കെതിരെ സ്വർണക്കടത്ത് അടക്കമുള്ള ആരോപണങ്ങളാണ് അന്‍വർ ഉന്നയിച്ചത്. തുടർന്ന്, ഇന്നലെ മുഖ്യമന്ത്രി സുജിത് ദാസിനെ സർവീസിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടു. നേരത്തേ പത്തനംതിട്ട എസ്‍പി സ്ഥാനത്തു നിന്നും സുജിത് ദാസിനെ നീക്കം ചെയ്തിരുന്നു.