തിരുവനന്തപുരം ടെക്നോസിറ്റിക്ക് സമീപം പരിഭ്രാന്തി പരത്തിയ കാട്ടുപോത്തിനെ മയക്കുവെടി വച്ച് നീക്കി അധികൃതർ. വനം വകുപ്പിൻ്റെ ലോറിയിൽ മയങ്ങി വീണ കാട്ടുപോത്തിനെ നീക്കിയത്. പാലോട് ഫോറസ്റ്റ് ക്യാമ്പിൽ എത്തിച്ച് ചികിത്സ നൽകും. കാട്ടുപോത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണ്. ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും ഉൾവനത്തിലേക്ക് പോത്തിനെ തുറന്നുവിടുന്നത്.
പാലോട്, കുളത്തുപ്പുഴ, അഞ്ചൽ ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥർ ആണ് കാട്ടുപോത്തിനെ സ്ഥലത്ത് നിന്ന് മാറ്റുന്നത്. വനംവകുപ്പിൻ്റെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് കാട്ടുപോത്തിനെ നീക്കിയത്. വെടിയേറ്റതിന് പിന്നാലെ അഞ്ച് കിലോമീറ്ററോളം ഭയന്നോടി മരച്ചീനി തോട്ടത്തിലെത്തിയതിന് ശേഷമാണ് കാട്ടുപോത്ത് മയങ്ങിയത്. അഞ്ച് മിനിറ്റിന് ശേഷം കാട്ടുപോത്ത് വീണ്ടും എഴുന്നേറ്റ് രക്ഷപ്പെടാന്‍ ശ്രമം നടത്തി. ഇതോടെ വീണ്ടും മയക്കുവെടി വെച്ച് വീഴ്ത്തുകയായിരുന്നു.
ഇന്നലെയാണ് ജനവാസ മേഖലയിൽ കാട്ടുപോത്ത് ഇറങ്ങിയത്. രാത്രി ഹോസ്റ്റലിൽ താമസിക്കുന്ന ടെക്നോസിറ്റിയിലെ ജീവനക്കാരും നാട്ടുകാരുമാണ് പ്രദേശത്ത് കാട്ടുപോത്തിനെ കണ്ടത്. പാലോട് വനമേഖലയിൽ നിന്നാണ് കാട്ടുപോത്ത് എത്തിയതെന്നാണ് സംശയം. കാട്ടുപോത്തിനെ എത്രയും വേഗം പിടികൂടുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ രാവിലെ അറിയിച്ചിരുന്നു.