ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങൾ പാർട്ടി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പാർട്ടി തിരുത്തൽ നടപടികളിലേക്ക് കടക്കുമെന്നും യെച്ചൂരി വ്യക്തമാക്കി. കേന്ദ്ര കമ്മിറ്റിയിൽ തനിക്കെതിരെ വിമർശനങ്ങൾ ഉണ്ടായിട്ടില്ലെന്നും മാധ്യമങ്ങൾ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന മന്ത്രിസഭയിൽ മാറ്റമുണ്ടാവാനുള്ള സാധ്യതയുണ്ടെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.
സിപിഎം കേന്ദ്ര കമ്മിറ്റിയ്ക്ക് ശേഷം മേഖലാ റിപ്പോർട്ടിംഗിന് കോഴിക്കോട് എത്തിയപ്പോഴാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്രകമ്മിറ്റിയുമായി ബന്ധപ്പെട്ട വാർത്തകളോട് പ്രതികരിച്ചത്. കേന്ദ്രസർക്കാർ സാമ്പത്തികമായി സഹായിക്കാതിരുന്നത് ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിനെ ബാധിച്ചു. ഇത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്നും നേതാവ് വ്യക്തമാക്കി. വീഴ്ച പറ്റിയത് ഏതൊക്കെ മേഖലകളിലെന്ന് കണ്ടെത്തി തെറ്റുകൾ തിരുത്തി പാർട്ടി മുന്നോട്ടു പോകും.
പൊതുജനങ്ങൾ സർക്കാരിനെ വിലയിരുത്തിയ തെരഞ്ഞെടുപ്പ് ഇതല്ല. നിയമസഭ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ വിലയിരുത്തലുണ്ടാവും. മുൻകാലങ്ങളിൽ ഇത് വ്യക്തമായതാണെന്നും യെച്ചൂരി ചൂണ്ടികാട്ടി. എന്നാൽ വോട്ടിങ്ങ് ശതമാനത്തിലുണ്ടായ കുറവ് ഗുരുതരമാണെന്നും അക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിൽ മാറ്റമുണ്ടാവുമോ എന്ന ചോദ്യത്തിന്, മാറ്റം വേണമോ എന്നുള്ളതടക്കമുള്ളവ അടുത്ത സംസ്ഥാന കമ്മിറ്റി കൂടി തീരുമാനിക്കുമെന്നായിരുന്നു യെച്ചൂരിയുടെ മറുപടി.
അതേസമയം കേന്ദ്രകമ്മിറ്റിയിൽ പാർട്ടി ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിക്കെതിരെ സംസാരിച്ച വിഷയത്തിൽ പത്രം നൽകിയ വാർത്ത തെറ്റാണെന്ന് ഇ.പി ജരാജൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേന്ദ്രകമ്മിറ്റി യോഗത്തിൽ ചർച്ചയിൽ പങ്കെടുത്തിട്ടില്ല. വ്യാജ വാർത്തക്കെതിരെ നിയമനടപടി സ്വീകരിക്കും. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്ക് പരാതി നൽകുമെന്നും ജയരാജൻ പറഞ്ഞു.