കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്കായുള്ള തെരച്ചിൽ ഊർജിതമാക്കി പൊലീസ്. തിരുവനന്തപുരം പോത്തൻകോട് സ്വദേശി ബി. മഹേന്ദ്രൻ നായരാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. മഹേന്ദ്രനായുള്ള തെരച്ചിലിന്റെ ഭാഗമായി കോഴിക്കോട് വെള്ളയിൽ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരത്ത് എത്തി. തിരുവനന്തപുരം കേന്ദ്രീകരിച്ച് ഇയാൾ ഒളിവിൽ കഴിയുകയാണ് എന്നാണ് പോലീസ് നിഗമനം.
കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റ് ആണ് ബി. മഹേന്ദ്രൻ നായർ. സംഭവത്തെ തുടർന്ന് കഴിഞ്ഞ ദിവസം മഹേന്ദ്രനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ നിർദേശത്തെ തുടർന്നായിരുന്നു നടപടി. ബുധനാഴ്ച ഫിസിയോ തെറാപ്പിക്കെത്തിയ പെൺകുട്ടിയെ ജീവനക്കാരൻ പീഡിപ്പിച്ചെന്ന ആശുപത്രി അധികൃതരുടെ പരാതിയെ തുടർന്നാണ് വെള്ളയിൽ പൊലീസ് ജീവനക്കാരനെതിരെ കേസെടുത്തത്.
കഴിഞ്ഞ ഒരു മാസത്തോളമായി പെൺകുട്ടി ആശുപത്രിയിൽ ഫിസിയോ തെറാപ്പി ചികിത്സയ്‌ക്കായി എത്തുന്നുണ്ട്. വനിതാ ജീവനക്കാരിയാണ് ഇത്രയും നാൾ ചികിത്സ നൽകിയിരുന്നത്. എന്നാൽ, ബുധനാഴ്ച പെൺകുട്ടിക്ക് പുരുഷ ജീവനക്കാരനാണ് ഫിസിയോ തെറാപ്പി ചെയ്തത്. ഈ സമയത്ത് ഇയാൾ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇക്കാര്യം പെൺകുട്ടി തന്നെയാണ് ആരോഗ്യ പ്രവർത്തകയോട് പറഞ്ഞത്. തുടർന്നാണ് ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകിയത്.