NEWSROOM

ഭോപ്പാലിൽ 1,814 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവം; നിർമ്മാണ ഫാക്ടറി പ്രവർത്തിച്ചിരുന്ന ഭൂമി ചട്ടങ്ങൾ ലംഘിച്ച് കൈമാറിയതെന്ന് പൊലീസ്

മെഫെഡ്രോൺ നിർമ്മാണ യൂണിറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം സംസ്ഥാന സർക്കാരിൻ്റേതാണെന്നും ഫർണിച്ചർ ബിസിനസിനായി പാട്ടത്തിന് നൽകിയതാണെന്നും അധികൃതർ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

ഭോപ്പാലിൽ 1,814 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവം. നിർമ്മാണ ഫാക്ടറി പ്രവർത്തിച്ചിരുന്ന ഭൂമി ചട്ടങ്ങൾ ലംഘിച്ച് കൈമാറിയതെന്ന് പൊലീസ്. മെഫെഡ്രോൺ നിർമ്മാണ യൂണിറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം സംസ്ഥാന സർക്കാരിൻ്റേതാണെന്നും ഫർണിച്ചർ ബിസിനസിനായി പാട്ടത്തിന് നൽകിയതാണെന്നും അധികൃതർ അറിയിച്ചു.

2021ൽ ഭൂമി സ്വന്തമാക്കിയ ജയ്ദീപ് സിംഗ് എസ്കെ സിംഗിന് വിൽക്കുകയും അദ്ദേഹം അറസ്റ്റിലായ പ്രതി അമിത് ചതുർവേദിക്ക് വാടകയ്ക്ക് നൽകുകയുമായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഭോപ്പാലിൽ 1,814 കോടി രൂപയുടെ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. സംഭവത്തിൽ 2 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മയക്കുമരുന്ന് നിർമിക്കാന്‍ സാധിക്കുന്ന അസംസ്കൃത വസ്തുക്കളാണ് പിടിച്ചെടുത്തിരിക്കുന്നതെന്ന് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി അറിയിച്ചു. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡും (എടിഎസ്) നാർക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും (എന്‍സിബി) ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്. നിയമപാലകരുടെ അർപ്പണബോധത്തെ മന്ത്രി ഹർഷ് സംഘവി അഭിനന്ദിച്ചു.

'ഡ്രഗ്സിനെതിരായ പോരാട്ടത്തില്‍ വലിയ വിജയം നേടിയ ഗുജറാത്ത് എടിഎസിനും എന്‍സിബിക്കും അഭിനന്ദനങ്ങള്‍. ഭോപ്പാലിലെ ഫാക്ടറിയില്‍ നിന്നും 1814 കോടി രൂപയുടെ എംഡിയും എംഡി നിർമിക്കാന്‍ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുമാണ് അവർ പിടികൂടിയത്. മയക്കുമരുന്ന് കടത്തും ദുരുപയോഗവും ചെറുക്കുന്നതിൽ നമ്മുടെ നിയമ നിർവഹണ ഏജൻസികളുടെ അശ്രാന്ത പരിശ്രമത്തെ ഈ നേട്ടം ഉയർത്തി കാണിക്കുന്നു. നമ്മുടെ സമൂഹത്തിൻ്റെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിൽ അവരുടെ സഹകരണ ശ്രമങ്ങൾ നിർണായകമാണ്', സംഘവി എക്സില്‍ കുറിച്ചു. മെത്താംഫെറ്റമൈന് സമാനമായ ലാബ് നിർമിത ഉത്തേജക വസ്തുവാണ് എംഡി (മെഫഡ്രോണ്‍) ഡ്രഗുകള്‍.


SCROLL FOR NEXT