NEWSROOM

കൊല്ലത്തെ 19കാരന്‍റേത് ദുരഭിമാനക്കൊലയല്ല, മരണകാരണം ശ്വാസകോശത്തിലെ ആഴത്തിലുള്ള മുറിവ്: പൊലീസ്

യുവാവിന്‍റെ കൊലപാതകം ദുരഭിമാനക്കൊലയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം കുടുംബം രംഗത്തെത്തിയതിനു പിന്നാലെയാണ് പൊലീസിന്റെ വിശദീകരണം

Author : ന്യൂസ് ഡെസ്ക്



കൊല്ലം ഇരവിപുരത്തെ യുവാവിന്‍റെ കൊലപാതകം ദുരഭിമാനക്കൊലയാണെന്ന ആരോപണം നിഷേധിച്ച് പൊലീസ്. 19 കാരൻ അരുൺ കുത്തേറ്റാണ് മരിച്ചത്. ശ്വാസകോശത്തിലെ ആഴത്തിലുള്ള മുറിവാണ് മരണകാരണം. ഇത് ദുരഭിമാനക്കൊലയല്ലെന്നും പൊലീസ് പറയുന്നു. മദ്യലഹരിയിലാണ് പ്രസാദ് അരുണിനെ വിളിച്ചു വരുത്തിയതും ആക്രമിച്ചതും.

മകളെ കൂട്ടിക്കൊണ്ടു പോകു, പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞാണ് പ്രസാദ് അരുണിനെ വിളിച്ചുവരുത്തിയത്. സംഘർഷത്തിനിടെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് പ്രസാദ് അരുണിനെ കുത്തിയെന്നും, അരുണുമായുള്ള സംഘർഷത്തിൽ പ്രസാദിൻ്റെ പല്ലു കൊഴിഞ്ഞിരുന്നു എന്നും പൊലീസ് പറഞ്ഞു. മകളും അരുണും തമ്മിലുള്ള പ്രണയം വിലക്കിയിട്ടും തുടർന്നതിൽ ഉള്ള വിരോധമാണ് ഇതിനു പിന്നിലെന്നും പൊലീസ്.

യുവാവിന്‍റെ കൊലപാതകം ദുരഭിമാനക്കൊലയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം കുടുംബം രംഗത്തെത്തിയതിനു പിന്നാലെയാണ് പൊലീസിന്റെ വിശദീകരണം. കൊലപാതകം കരുതിക്കൂട്ടി ഉള്ളതായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിച്ചത്. അരുണിനെ കൊലപ്പെടുത്താൻ പ്രതി പ്രസാദ് മുൻകൂട്ടി തീരുമാനിച്ചിരുന്നു. ഇതിനായി കത്തി കൈയിൽ കരുതിയിരുന്നുവെന്നുമാണ് ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴി.

അരുണിനെ പ്രസാദ് പലതവണ ജാതിയും മതവും പറഞ്ഞു അപമാനിച്ചിട്ടുണ്ടെന്ന് അരുണിന്‍റെ അമ്മയുടെ സഹോദരി സന്ധ്യ ആരോപിച്ചു. പ്രസാദിന്‍റെ മകളുമായി അരുണിന് എട്ടാം ക്ലാസ്സിൽ തുടങ്ങിയ ബന്ധമാണെന്നും സന്ധ്യ പറഞ്ഞു.

മകളെ ശല്യം ചെയ്തെന്ന് ആരോപിച്ചാണ് ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് (44) അരുണ്‍ കുമാറിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രസാദ് ശക്തികുളങ്ങര പൊലീസിൽ കീഴടങ്ങി. മകളെ ശല്യം ചെയ്തെന്ന് ആരോപിച്ച് പ്രസാദും അരുണും തമ്മിൽ ഫോണിലൂടെ വാക്കേറ്റം നടന്നിരുന്നു.

തുടർന്ന് പെൺകുട്ടിയുടെ ബന്ധുവീട്ടിലേക്ക് ഇയാൾ അരുണിനെ വിളിച്ച് വരുത്തി. അവിടെ എത്തിയ അരുണിൻ്റെ സുഹൃത്തുക്കളും പ്രസാദും തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. സംഘർഷത്തിനിടെയാണ് അരുണിനെ പ്രസാദ് കത്തി ഉപയോഗിച്ച് കുത്തിയത്. അരുണിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


SCROLL FOR NEXT