NEWSROOM

വയനാട് ഉപതെരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ പൂര്‍ത്തിയായി; ഉരുള്‍പൊട്ടല്‍ ദുരിതബാധിതർക്ക് പ്രത്യേക പോളിംഗ് സെൻ്റർ

മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലായി 14,71,742 വോട്ടര്‍മാരാണുള്ളത്

Author : ന്യൂസ് ഡെസ്ക്


വയനാട് ലോക്‌സഭാ ഉപതെരഞ്ഞടുപ്പിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു. മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലായി 14,71,742 വോട്ടര്‍മാരാണുള്ളത്. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പ്രദേശങ്ങളിലുള്ളവർക്കായി പ്രത്യേക പോളിംഗ് സെൻ്റർ ഏർപ്പെടുത്തിയതായും കളക്ടർ അറിയിച്ചു.

മൂന്ന് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന വയനാട് ലോകസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിനായി വിപുലമായ സംവിധാനങ്ങളാണ് സജ്ജീകരിക്കുന്നത്. 30 ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ 1354 പോളിങ്ങ് സ്റ്റേഷനുകളാണുണ്ടാവുക. ജില്ലയില്‍ സുരക്ഷാ പട്ടികയിലുള്ള ഇടങ്ങളിൽ വെബ് കാസ്റ്റിങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേപ്പാടി പഞ്ചായത്തിലെ 10, 12 വാര്‍ഡുകളിലെ വോട്ടര്‍മാര്‍ക്കായി രണ്ട് ബൂത്തുകളും 11ാം വാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്കായി മേപ്പാടി സ്‌കൂളിലും പ്രത്യേക പോളിങ് ബൂത്ത് ഏര്‍പ്പെടുത്തും. ഭിന്നശേഷിക്കാരും മുതിര്‍ന്ന പൗരന്‍മാരുമടങ്ങിയ 7519 പേർക്ക് വീടുകളില്‍ നിന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കും. തപാൽ വോട്ടുകൾ അടക്കം എണ്ണാനായി എട്ട് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉണ്ടാകുക. 2700 പൊലീസുകാരെയും ജില്ലയിൽ വിന്യസിച്ചിട്ടുണ്ട്.

ഉപതെരഞ്ഞെടുപ്പിനായി സ്ഥാനാർഥികൾ നാമനിർദേശ പത്രികകൾ സമർപ്പിച്ചതോടെ വയനാട്ടിൽ മത്സരചിത്രം തെളിഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രിയങ്കാ ഗാന്ധി മണ്ഡലത്തിലില്ലെങ്കിലും പ്രവർത്തകരെല്ലാം തന്നെ പ്രചരണ രംഗത്ത് സജീവമാണ്. എല്‍ഡിഎഫ് സ്ഥാനാർഥിയായി സത്യൻ മൊകേരിയും എന്‍ഡിഎ സ്ഥാനാർഥിയായി നവ്യ ഹരിദാസും പ്രചരണങ്ങളിൽ ഒട്ടും പിന്നോട്ടല്ല. പ്രിയങ്ക തരംഗമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.

SCROLL FOR NEXT