മുതലപ്പൊഴിയിലെ മണൽ നീക്കത്തിൽ താൽക്കാലിക പരിഹാരവുമായി സർക്കാർ. പൊഴിമുറിക്കൽ, മണൽ നീക്കൽ നടപടികൾ ആരംഭിച്ചു. കണ്ണൂരിൽ നിന്നുള്ള ഡ്രഡ്ജർ വ്യാഴാഴ്ച തീരത്ത് എത്തിയതിനു ശേഷം പൊഴി പൂർണമായും മുറിക്കും. ചന്ദ്രഗിരി ഡ്രഡ്ജർ കണ്ണൂരിൽ നിന്നെത്തുന്നതിന് മുൻപ് പൊഴിയുടെ മുക്കാൽ ഭാഗം മുറിക്കാനാണ് തീരുമാനം. മൂന്നു മീറ്റർ ആഴത്തിലും 13 മീറ്റർ വീതിയിലുമാണ് പൊഴി മുറിക്കുന്നത്. 130 മീറ്റർ നീളത്തിലാണ് മണൽതിട്ട രൂപപ്പെട്ടത്. ഇതിൽ കായലിൽ നിന്നുള്ള 90 മീറ്റർ ആദ്യം നീക്കം ചെയ്യും.
ചന്ദ്രഗിരി ഡ്രഡ്ജർ എത്തിയ ശേഷം കടലിനോട് ചേർന്നുള്ള 40 മീറ്റർ കൂടി നീക്കി പൊഴി തുറക്കാൻ ആണ് സർക്കാർ നീക്കം. പൊഴി മുറിക്കുന്നതിനോടൊപ്പം കൂട്ടിയിട്ടിരിക്കുന്ന മണൽ മാറ്റുവാനുള്ള നടപടികളും ആരംഭിച്ചു. ഒന്നരമാസമായി മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച ആവശ്യമാണ് സർക്കാർ ഇപ്പോൾ നടപ്പിലാക്കിയത്. വ്യാഴാഴ്ച ചന്ദ്രഗിരി ബ്രഡ്ജർ എത്തുന്നതോടെ മണൽ നീക്കം പൂർത്തിയാക്കാൻ കഴിയുമെന്നാണ് ഇവരുടെ വിശ്വാസം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾക്ക് കടക്കാനാണ് നീക്കം.
അതേസമയം, വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടക്കുന്നു എന്ന് മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ എന്നിവർ കുറ്റപ്പെടുത്തി. പ്രതിഷേധത്തിന്റെ ഭാഗമായി ചിറയിൻകീഴ് എംഎൽഎ വി. ശശിയുടെ ഓഫീസ് ആക്രമിച്ചത് രൂക്ഷഭാഷയിലാണ് മന്ത്രിമാർ വിമർശിച്ചത്. ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിച്ചാണ് എംഎൽഎയുടെ ഓഫീസ് അടിച്ച് തകർത്തത്. പ്രശ്ന പരിഹാരത്തിന് ശ്രമിച്ചപ്പോൾ, അത് സാധ്യമാക്കാത്ത രീതിയിലുള്ള കലാപാവസ്ഥ സൃഷ്ടിച്ചുവെന്നും മന്ത്രിമാർ കുറ്റപ്പെടുത്തി.