NEWSROOM

ആരാധനാലയ സംരക്ഷണ നിയമം മതേതരത്വത്തെ സംരക്ഷിക്കുന്നത്; റദ്ദാക്കണമെന്ന ആവശ്യത്തെ എതിർത്ത് സിപിഎം സുപ്രീം കോടതിയില്‍

1991-ലെ ആരാധനാലയ നിയമത്തിന് എതിരായ ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി കഴിഞ്ഞ ദിവസം പ്രത്യേക ബെഞ്ചിന് രൂപം നൽകിയിരുന്നു

Author : ന്യൂസ് ഡെസ്ക്

ആരാധനാലയ നിയമം റദ്ദാക്കണമെന്ന ആവശ്യത്തെ എതിർത്ത് സിപിഎം സുപ്രീം കോടതിയില്‍. സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും കോർഡിനേറ്ററുമായ പ്രകാശ് കാരാട്ട് കക്ഷി ചേരാന്‍ അപേക്ഷ നല്‍കി. ഇന്ത്യയുടെ മതേതരത്വത്തെ സംരക്ഷിക്കുന്നതാണ് ആരാധനാലയ സംരക്ഷണ നിയമമെന്ന് കക്ഷി ചേരല്‍ അപേക്ഷയില്‍ സിപിഎം ചൂണ്ടിക്കാട്ടി. ഹർജികളെ എതിർത്ത് മസ്ജിദ് കമ്മിറ്റി ഉൾപ്പെടെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

1991-ലെ ആരാധനാലയ നിയമത്തിന് എതിരായ ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി കഴിഞ്ഞ ദിവസം പ്രത്യേക ബെഞ്ചിന് രൂപം നൽകിയിരുന്നു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹർജികള്‍ പരിഗണിക്കുന്നത്. ജഡ്ജിമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. ഡിസംബർ 12ന് വൈകീട്ട് 3.30 നു ഹർജികൾ പ്രത്യേക ബെഞ്ച് പരിഗണിക്കും.

2020–ലാണ് ഇതുസംബന്ധിച്ച ആദ്യ ഹർജി ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ നൽകിയത്.  2021ല്‍ ഹർജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഇതിനെ തുടർന്നാണ് കേസില്‍ കക്ഷി ചേരാന്‍ കൂടുതല്‍ ഹർജികള്‍ എത്തിയത്. 

SCROLL FOR NEXT