രാജ്യത്ത് നികുതി വർധിപ്പിക്കാനായി പാസാക്കിയ വിവാദ സാമ്പത്തിക ബിൽ പിൻവലിച്ച് കെനിയൻ സർക്കാർ. ബില്ലിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം. ധനകാര്യ ബില്ലിൽ താൻ ഒപ്പിടില്ലെന്നും, പാർലമെൻ്റിലേക്ക് തിരികെ അയയ്ക്കുകയാണെന്നും പ്രസിഡൻ്റ് വില്യം റൂട്ടോ അറിയിച്ചു. രാജ്യത്തെ നിലവിലെ സാമ്പത്തിക പ്രതിസന്ധി എങ്ങിനെ പരിഹരിക്കണമെന്ന് കണ്ടെത്തുന്നതിനായി ദേശീയ തലത്തിൽ യോഗം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ നികുതി ചുമത്താൻ ലക്ഷ്യമിട്ടുള്ള ധനകാര്യ ബില്ലിനെതിരെ ജനങ്ങള്‍ തന്നെയാണ് തെരുവിലിറങ്ങിയത്. ആയിരക്കണക്കിന് ജനങ്ങളാണ് പ്രതിഷേധവുമായി പാർലമെന്‍റിലേക്ക് ഇരച്ചെത്തിയത്. പ്രതിഷേധം ശക്തമായതോടെ ജനക്കൂട്ടം കെനിയൻ പാർലമെന്‍റിന് തീയിട്ടു. തുടർന്ന് നടന്ന പൊലീസ് വെടിവെയ്പ്പിൽ 23 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ബ്രെഡ്, പാചക എണ്ണ, ഡയപ്പറുകൾ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സാധനങ്ങൾക്കുള്ള നികുതി വർദ്ധനയ്‌ക്കെതിരെ കഴിഞ്ഞയാഴ്ചയാണ് പ്രതിഷേധം ആരംഭിച്ചത്. തുടർന്ന് പൊലീസും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടിയതോടെ കെനിയ അക്ഷരാർത്ഥത്തിൽ കലാപ ഭൂമിയായി മാറുകയായിരുന്നു. ധനകാര്യ ബിൽ പിൻവലിച്ച സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ആസൂത്രണം ചെയ്ത പ്രതിഷേധങ്ങളുമായി ജനം മുന്നോട്ട് പോകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം അധികാരത്തിലേറി രണ്ടു വർഷം തികയുന്നതിനു മുന്നെ തന്നെ പ്രസിഡൻ്റ് പദവിയിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് റൂട്ടോ വില്യം നേരിട്ടത്.