NEWSROOM

ആമയിഴഞ്ചാൻ തോടില്‍ ജോയിക്ക് വേണ്ടി തെരച്ചിൽ നടത്തിയ സ്‌കൂബാ ഡൈവിംഗ് ടീം വയനാട്ടിലേക്ക്

100 അംഗ ഫയർ ആൻഡ് റെസ്ക്യു സംഘമാണ് തിരുവനന്തപുരത്ത് നിന്നും വയനാട്ടിലേക്ക് യാത്ര തിരിച്ചത്

Author : ന്യൂസ് ഡെസ്ക്

ആമയിഴഞ്ചാന്‍ തോടില്‍ ജോയിയെ തെരഞ്ഞവർ വയനാട്ടിലെ ചൂരൽമലയിലെ ദുരന്തഭൂമിയിലെത്തും. ആമയിഴഞ്ചാൻ തോട്ടിൽ ജോയിക്ക് വേണ്ടി തെരച്ചിൽ നടത്തിയ സ്‌കൂബാ ഡൈവിംഗ് ടീം അംഗങ്ങളാണ് വയനാട്ടിലേക്ക് പുറപ്പെട്ടത്. 100 അംഗ ഫയർ ആൻഡ് റെസ്ക്യു സംഘമാണ് തിരുവനന്തപുരത്ത് നിന്നും വയനാട്ടിലേക്ക് യാത്ര തിരിച്ചത്.

ഉരുൾപൊട്ടലിൽ ഒട്ടെറേ പേര്‍ ഒഴുകി പോയിട്ടുണ്ട്. പോത്തുകല്ലിലെ ചാലിയാറില്‍ നിന്ന് 16ഓളം പേരുടെ മൃതദേഹങ്ങളും അതിന് പുറമെ ശരീര ഭാഗങ്ങളും കണ്ടെടുത്തു. 34 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 18 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സൈനിക ടീം പുഴ മുറിച്ച് കടന്ന് മുണ്ടക്കൈയിലെ മാര്‍ക്കറ്റ് മേഖലയിലെത്തി. അവിടെ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ ആളുകളെയും വടംകെട്ടി രക്ഷപ്പെടുത്തിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഇന്ന് പുലർച്ചെ മൂന്ന് തവണയാണ് ചൂരൽമലയിൽ ഉരുൾപൊട്ടലുണ്ടായത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ആദ്യ ഉരുൾപൊട്ടൽ. തൊട്ടുപിന്നാലെ 4.10 ഓടെ വീണ്ടും അതിശക്തമായ ഉരുള്‍പൊട്ടലുണ്ടായി. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്ത് എന്നിവിടങ്ങളെയാണ് ഉരുള്‍പൊട്ടൽ ബാധിച്ചത്. നിലവിൽ 73 പേര്‍ വിംസ് ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്നുണ്ട്. ഒമ്പത് പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.

SCROLL FOR NEXT