മെക്സിക്കോയിലെ കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരനും പിടികിട്ടാപ്പുള്ളിയുമായ ഇസ്മയേല്‍ 'മായോ' സംബാഡ യുഎസില്‍ പിടിയിൽ. സിനലോവ കാര്‍ട്ടലെന്ന അധോലോക സംഘത്തിന്‍റെ സ്ഥാപകരില്‍ ഒരാളാണ് മായോ. ടെക്‌സാസിലെ എല്‍ പാസോയില്‍ വെച്ചാണ് 76കാരനായ മായോ അറസ്റ്റിലാവുന്നത്. ഇതാദ്യമായാണ് മായോ പൊലീസിൻ്റെ വലയിലാകുന്നത്.
യുഎസ് ഡ്രഗ് എന്‍ഫോഴ്സ്മെന്‍റിന്‍റെ പ്രധാന ലക്ഷ്യമായിരുന്ന ഈ മയക്കുമരുന്ന് കച്ചവടക്കാരന്‍, പിടിയിലാകും വരെ അധികം ജനശ്രദ്ധ കിട്ടാത്ത രീതിയിലാണ് ഒളിച്ചു താമസിച്ചിരുന്നത്. കൊക്കെയ്ന്‍ തുടങ്ങി വിവിധ മയക്കു മരുന്നുകള്‍ വില്‍പന നടത്തിയെന്നാണ് മായോക്ക് എതിരെയുള്ള കേസ്. 15 മില്യണ്‍ ഡോളറാണ് മായോയെപ്പറ്റി വിവരം നല്‍കുന്നതിന് പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അറസ്റ്റിലേക്ക് നയിക്കുന്ന സുപ്രധാന വിവരങ്ങളൊന്നും ഒരിടത്ത് നിന്നും ലഭിച്ചില്ല.
സിനലോവ കാര്‍ട്ടലിന്‍റെ സ്ഥാപകനായ യോവാക്കിന്‍ 'എല്‍ ചാപോ' ഗസ്മാന്‍റെ മകന്‍ ലോപസിനൊപ്പമാണ് അദ്ദേഹം പിടിയിലായത്. എല്‍ ചാപോ ഇപ്പോള്‍ യുഎസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. എല്‍ ചാപോയെ അറസ്റ്റ് ചെയ്ത് യുഎസിലേക്ക് കൊണ്ടുപോയ ശേഷം, സിനലോവ കാര്‍ട്ടലിന്‍റെ പ്രധാന നേതാവ് മായോ ആണെന്നാണ് പൊലീസ് പറയുന്നത്.
എന്നാല്‍, ആദ്യം മുതല്‍ തന്നെ കാര്‍ട്ടലിന്‍റെ നേതാവ് മായോ ആയിരുന്നെന്നാണ് എല്‍ ചാപോയുടെ ആഭിഭാഷകര്‍ ന്യൂയോര്‍ക്ക് കോടതിയില്‍ വാദിച്ചത്. മെക്സിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കു മരുന്ന് കടത്തുകാരനാണ് ഇസ്മയേല്‍ 'മായോ' സംബാഡ എന്നാണ് ഇന്‍സൈഡ് ക്രൈം എന്ന തിങ്ക് ടാങ്ക് പറയുന്നത്.