എഴുപത്തൊന്ന് ദിവസങ്ങള്‍ക്ക് ശേഷം കർണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുന്‍റെ ശരീരം കണ്ടെത്തിയിരിക്കുന്നു. ദീർഘനാളത്തെ തെരച്ചില്‍. ഒരോ ഘട്ടത്തിലും പ്രകൃതി പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. തെരച്ചില്‍ നിന്നു പോകും എന്ന സാഹചര്യത്തില്‍ കർണാടക-കേരള സർക്കാരിന്‍റെയും മാധ്യമങ്ങളുടെയും കുടുംബത്തിന്‍റെയും ഇടപെടലുകളില്‍ അർജുനായുള്ള തെരച്ചില്‍ തുടർന്നു. കനത്ത മഴയും കുത്തിയൊഴുകുന്ന പുഴയും പലപ്പോഴും തെരച്ചിലിനു വിഘാതമായി. പക്ഷെ അപ്പോഴെല്ലാം തെരച്ചില്‍ അവസാനിപ്പിക്കുമെന്ന് പല ഘട്ടത്തില്‍ തോന്നിയെങ്കിലും കൃത്യമായ രാഷ്ട്രീയ മാധ്യമ ഇടപെടലുകള്‍ കാരണം വീണ്ടും പുനരാരംഭിച്ചു. ഈശ്വർ മാല്‍പെ എന്ന മുങ്ങല്‍ വിദഗ്ധന്‍ പ്രകൃതി തീർത്ത പ്രതിസന്ധികളെ നിശ്ചയദാർഢ്യം കൊണ്ട് അതിജീവിക്കുക കൂടി ചെയ്തപ്പോൾ അർജുനായുള്ള തെരച്ചില്‍ പ്രതീക്ഷയോടെ തുടർന്നു.
ജൂലൈ എട്ടിനാണ് കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടില്‍ നിന്നും അര്‍ജുന്‍ യാത്ര തിരിക്കുന്നത്. കോട്ടക്കലില്‍ നിന്ന് ചെങ്കല്ലുമായി മൈസൂരു മലവള്ളിയിലേക്ക്. അവിടെ ലോഡ് ഇറക്കിയ അര്‍ജുന്‍, കുശാല്‍ നഗറില്‍ നിന്ന് തടിയുമായി ബെല്‍ഗാമിലേക്ക് യാത്ര ആരംഭിച്ചു. തുടര്‍ന്ന് അക്വേഷ്യ മരങ്ങളുമായി എടവണ്ണയ്ക്ക്. ഇങ്ങനെയായിരുന്നു യാത്ര. ജുലൈ 15 ന് രാത്രി വരെ അര്‍ജുന്‍ ഭാര്യയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ജൂലൈ 16 നാണ് ഉത്തര കന്നഡയില്‍ മംഗളൂരു-ഗോവ ദേശീയപാതയിലെ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടാകുന്നത്.
കുത്തനെയുള്ള മലയുടെയും ഗംഗാവലി നദിയുടെയും ഇടയിലുള്ള ദേശീയപാതയാണിത്. രാവിലെ 8.30 ഓടെയായിരുന്നു ദേശീയ പാതയ്ക്ക് സമീപത്തെ മല ഇടിഞ്ഞു വീഴുന്നത്. ഈ സമയത്ത് അര്‍ജുന്‍റെ ലോറിയടക്കം നിരവധി വാഹനങ്ങള്‍ സ്ഥലത്തുള്ള ചായക്കടയ്ക്ക് സമീപം നിര്‍ത്തിയിട്ടിട്ടുണ്ടായിരുന്നു.
മണ്ണിടിച്ചിലില്‍ ചില വാഹനങ്ങള്‍ ഗംഗാവാലി നദിയിലേക്ക് ഒലിച്ചുപോയി. സമീപത്തെ ഹോട്ടലും മറ്റ് കടകളും പൂര്‍ണമായി മണ്‍കൂനയില്‍ പുതഞ്ഞു. മണ്ണിടിച്ചിലില്‍ അര്‍ജുനും അകപ്പെട്ടിട്ടുണ്ടോയെന്ന് സംശയിച്ച് കുടുംബം രംഗത്തെത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. മണ്ണിനടിയില്‍ എവിടെയോ പെട്ടുപോയ അര്‍ജുനായി അന്ന് മുതല്‍ തെരച്ചില്‍ ആരംഭിച്ചു. കര-നാവിക സേനകളും എന്‍ഡിആര്‍എഫും അഗ്‌നിരക്ഷാസേനയും പൊലീസുമെല്ലാം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. കരയിലും പുഴയിലുമായി നടത്തിയ തെരച്ചിലുകളൊന്നും ഫലംകണ്ടില്ല.
അപകടം നടന്ന് മൂന്ന് ദിവസമായിട്ടും രക്ഷാപ്രവർത്തനം മന്ദഗതിയിലായിരുന്നു.രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്താൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു.ആദ്യ ദിനങ്ങളിൽ അർജുന്‍റെ മൊബൈൽ ഫോൺ റിങ്ങ് ചെയ്തിരുന്നു. പിന്നെ അതും നിലച്ചു. സൈന്യം, നേവി, എൻഡിആർഎഫ് സംഘങ്ങൾ, ഉത്തരാഖണ്ഡിലും പെട്ടിമുടിയിലും തെരച്ചിലിനിറങ്ങിയ സന്നദ്ധ രക്ഷാ സംഘത്തിലുണ്ടായിരുന്ന രഞ്ജിത് ഇസ്രയേൽ, മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ എന്നിവർ തെരച്ചിലിൽ പങ്കെടുത്തു. ആദ്യാവസാനം കാർവാർ എംഎല്‍എ സതീശ് സെയ്‌ലും നിലയുറപ്പിച്ചു.
അപകടത്തിൽപ്പെട്ട മറ്റ് പലരുടേയും മൃതദേഹങ്ങള്‍ രക്ഷാ പ്രവര്‍ത്തകര്‍ കണ്ടെടുത്തെങ്കിലും, അര്‍ജുന്‍ കാണാമറയത്ത് തന്നെയായിരുന്നു. ജൂലൈ 19 ആയപ്പോഴേക്കും കേരള, കര്‍ണാടക സര്‍ക്കാരുകള്‍ ദൗത്യം ഏറ്റെടുത്ത് തെരച്ചില്‍ ഊര്‍ജിതമാക്കി. സേന സ്ഥലത്തെത്തി രാത്രി 9 മണി വരെ തെരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ജൂലൈ 20ന് രാവിലെ 6 മണിക്ക് വീണ്ടും തെരച്ചില്‍ ആരംഭിച്ചു. 10.30 ഓടെ ലോറി റഡാറില്‍ കണ്ടതായുള്ള സൂചനകള്‍ പുറത്ത് വന്നു. എന്നാല്‍ അത് അര്‍ജുന്റെ ലോറിയുടേതെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല.
Also Read: ഷിരൂരിൽ ഇന്ന് നിര്‍ണായക തെരച്ചില്‍; നേവി മാര്‍ക്ക് ചെയ്ത ഭാഗത്ത് ആഴത്തില്‍ മണ്ണ് നീക്കിയുള്ള പരിശോധന
ഒമ്പതാം ദിവസമാണ് അര്‍ജുന്റെ ലോറി ഗംഗാവലി പുഴയ്ക്കടിയില്‍ ചളിയില്‍ പുതഞ്ഞു കിടക്കുന്നതായി സ്ഥിരീകരിച്ചത്. അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ വീണ്ടും തുടർന്നു. ഐബോഡ് ഡ്രോണ്‍ അടക്കമുള്ളവ ഉപയോഗിച്ചുള്ള പരിശോധനയില്‍ നദിക്കടിയില്‍ ലോറി കിടക്കുന്ന സ്ഥലം കൃത്യമായി മാര്‍ക്ക് ചെയ്തു. 12 കിലോമീറ്റര്‍ അകലെയായി ലോറിയിലുണ്ടായിരുന്ന തടികളില്‍ നാലെണ്ണം കണ്ടെത്തി. പിന്നീട് നേവിയുടെ 18 അംഗ സംഘം തെരച്ചില്‍ ആരംഭിച്ചു. ആര്‍മിയും എസ്.ഡി.ആര്‍.എഫ് സംഘവും സ്ഥലത്ത് സജീവമായി. എന്നാല്‍, ലോറി കണ്ടെത്താനായില്ല. ഗോവയില്‍ നിന്നും ഡ്രഡ്ജർ ഉപയോഗിച്ചു കൊണ്ടുള്ള തെരച്ചിലിനായി ആവശ്യം ഉയർന്നെങ്കിലും ഉയർന്ന ചെലവും പ്രതികൂല കാലാവസ്ഥയും ഡ്രഡ്ജർ എത്തിക്കുന്നതിന് തടസമായി. താല്‍ക്കാലികമായി തെരച്ചില്‍ അവസാനിപ്പിച്ചപ്പോള്‍ അർജുന്‍റെ കുടുംബം കർണാടക മുഖ്യമന്ത്രിയെ പരാതിയുമായി സമീപിച്ചു. തുടർന്ന് ഡ്രഡ്ജർ എത്തിക്കാനുള്ള ചെലവ് കർണാടക സർക്കാർ ഏറ്റെടുത്തു.
ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിലിൽ ആദ്യം ഗംഗാവാലി പുഴയിൽ നിന്ന് അർജുൻ്റെ ലോറിയിൽ നിന്നുള്ള കയറും ക്രാഷ് ഗാർഡും കണ്ടെത്തിയിരുന്നു. ഡ്രഡ്ജർ കമ്പനിയുടെ മുങ്ങൽ വിദഗ്ധർ നടത്തിയ പരിശോധനയിലാണ് കയർ കണ്ടെത്തിയത്. ലഭിച്ച കയർ അർജുൻ്റെ ലോറിയിലേതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. ലോറിയിൽ മരത്തടികൾ കെട്ടാൻ ഉപയോഗിച്ച കയറായിരുന്നു കണ്ടെത്തിയത്. വീണ്ടും പ്രതീക്ഷയോടെ തെരച്ചില്‍ തുടർന്നു. റിട്ട. മേജർ ജനറൽ എം. ഇന്ദ്രബാലൻ തെരച്ചിലിന് നിർദേശങ്ങൾ നൽകാന്‍ ഷിരൂരിലേക്കെത്തി. കഴിഞ്ഞ ദിവസങ്ങളിലെ പരിശോധന അർജുന്‍റെയും മലയാളികളുടെയും പ്രതീക്ഷ വീണ്ടും ഉയർത്തി. ഒടുവില്‍, ഇന്ന് ഗംഗാവലി പുഴയില്‍ നേവി മാർക്ക് ചെയ്ത സ്ഥലത്ത്, സിപി 2ല്‍ നിർണായകമായ തെരച്ചില്‍ നടന്നു. സിഗ്നലിൻ്റെ അടിസ്ഥാനത്തിൽ മാർക്ക് ചെയ്ത സ്ഥലത്താണ് മണ്ണു നീക്കിയുള്ള പരിശോധന നടന്നത്. ഒടുവില്‍ 12 അടി താഴ്ചയില്‍ നിന്നും ലോറി കണ്ടെത്തി. അർജുനേയും.