കർണാടക ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുനയുള്ള തെരച്ചിൽ ഇന്നും തുടരും. അർജുൻ്റെ ലോറി ഇന്ന് കണ്ടെത്താനായേക്കുമെന്നും പ്രതീക്ഷയുണ്ട്. ഡ്രഡ്ജർ ഉപയോഗിച്ചുള്ള പ്രാഥമിക പരിശോധനയിൽ ലോറിയുടെ ലോഹ ഭാഗം ലഭിച്ചതോടെയാണ് ലോറി കണ്ടെത്താനായേക്കുമെന്ന പ്രതീക്ഷ വർധിച്ചത്. നേരത്തെ ചായക്കട ഉണ്ടായിരുന്ന സ്ഥലത്തിന് പിറകിലായാണ് ഇന്ന് പരിശോധന.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടന്ന സ്ഥലത്ത് ഡ്രഡ്ജർ നങ്കൂരമിട്ടത്. തുടർന്ന് 45 മിനിറ്റോളം പരിശോധന നടത്തുകയും ചെയ്തു. ഇതിലാണ് ലോഹ ഭാഗം കണ്ടെത്തിയത്. അർജുൻ ഓടിച്ചിരുന്ന ലോറിയിൽ വെള്ളം സൂക്ഷിക്കുന്ന ക്യാൻവയ്ക്കാൻ നിർമ്മിച്ച ലോഹ ഭാഗമാണെന്ന് ലോറി ഉടമയുടെ സഹോദരൻ സ്ഥിരീകരിച്ചു. നേരത്തെ ചായക്കട ഉണ്ടായിരുന്ന ഭാഗത്തിന് താഴെയാണ് ഡ്രഡ്ജർ ഉപയോഗിച്ചുള്ള പരിശോധന നടക്കുന്നത്.
റഡാർ, സോണാർ പരിശോധനയിലും ഈ സ്ഥലത്താണ് ശക്തമായ സിഗിനൽ ലഭിച്ചത്. രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാകും തെരച്ചിൽ. തിങ്കളാഴ്‌ച വരെയാണ് പ്രാഥമികമായി തെരച്ചിൽ നടത്തുക. ലോറിയെക്കുറിച്ച് ഏതെങ്കിലും സൂചന ലഭിച്ചാൽ മാത്രമാകും തെരച്ചിൽ തുടരുക. ഇല്ലെങ്കിൽ കരാർ അവസാനിപ്പിച്ച് ഡ്രഡ്ജർ ഗോവയ്ക്ക് തിരിക്കും. എന്നാൽ ഇന്നു തന്നെ ലോറി കണ്ടെത്താനായേക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടം.