NEWSROOM

അർജുനായുള്ള തെരച്ചില്‍ വൈകും; ഡ്രഡ്ജർ എത്തിക്കുന്നതിന് പ്രതികൂല കാലാവസ്ഥ തടസം

ബുധനാഴ്ച ഡ്രഡ്ജർ എത്തിച്ച് വ്യാഴാഴ്ച തെരച്ചിൽ പുനരാരംഭിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്.

Author : ന്യൂസ് ഡെസ്ക്

കർണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുന്‍ അടക്കമുള്ളവരുടെ തെരച്ചില്‍ വൈകും. തെരച്ചിലിനായി ഡ്രഡ്ജിങ് മെഷീൻ എത്തിക്കുന്നതില്‍ കാറ്റ് തടസമായിരിക്കുകയാണ്. ഗോവൻ കടലിൽ ശക്തമായി കാറ്റ് വീശുന്നതിനാൽ ഡ്രഡ്ജർ എത്തിക്കാനാവില്ലെന്ന് കമ്പനി കർണാടക സർക്കാരിനെ അറിയിച്ചു.

ബുധനാഴ്ച ഡ്രഡ്ജർ എത്തിച്ച് വ്യാഴാഴ്ച തെരച്ചിൽ പുനരാരംഭിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്. പ്രതികൂല കാലാവസ്ഥ കാരണം കഴിഞ്ഞ മാസം 16 നാണ് ഗംഗാവലിപ്പുഴയിലെ തെരച്ചിൽ അവസാനിപ്പിച്ചത്. മലയാളിയായ അർജുൻ, കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരെയാണ് ഇനി കണ്ടെത്തേണ്ടത്. അപകടം നടന്ന ആദ്യ ദിവസങ്ങളിൽ കരയിലും പുഴയിലും പരിശോധന നടത്തുകയും ചില മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ കാലാവസ്ഥ പ്രതികൂലമാവുകയും പുഴയിൽ അടിയൊഴുക്കിൻ്റെ ശക്തി വർദ്ധിക്കുകയും ചെയ്‌തതോടെ പുഴയിലെ തെരച്ചിൽ താല്‍കാലികമായി അവസാനിപ്പിച്ചു. ഡ്രഡ്ജർ കൊണ്ടുവന്നുള്ള തെരച്ചിൽ വേണമെന്ന ആവശ്യം ഉയർന്നെങ്കിലും സാമ്പത്തികബാധ്യത കണക്കിലെടുത്ത് നിരാകരിക്കപ്പെട്ടു. ഒടുവിൽ അർജുൻ്റെ കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയേയും ഉപമുഖ്യമന്ത്രിയേയും നേരിൽ കണ്ട് നിവേദനം നൽകിയതോടെയാണ് സർക്കാർ ചെലവിൽ ഡ്രഡ്ജർ എത്തിക്കാൻ തീരുമാനിച്ചത്.

ജൂണ്‍ 16ന് ഷിരൂരുണ്ടായ മണ്ണിടിച്ചിലിലാണ് അർജുനടക്കമുള്ളവരെ കാണാതായത്. തുടർച്ചയായി തെരച്ചില്‍ നടത്തിയിട്ടും അർജുനെ കണ്ടെത്താനായില്ല. മോശം കാലാവസ്ഥയും പുഴയിലെ ഒഴുക്കുമാണ് രക്ഷാദൗത്യത്തിന് തടസമായത്. തെരച്ചിലിനായി ഡൈവിങ്ങിന് അനുമതി കിട്ടുന്നില്ലെന്നും, ഡ്രഡ്ജിങ് മെഷീൻ എത്തിച്ച് മണ്ണെടുത്താൽ മാത്രമേ ഇനി തെരച്ചിൽ സാധ്യമാകൂവെന്ന് മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെ പറഞ്ഞിരുന്നു.

SCROLL FOR NEXT