അർജുനായുള്ള തെരച്ചിൽ രാത്രിയും തുടരുമെന്ന് ദൗത്യസംഘം. നിലവിൽ മൂന്ന് സ്ഥലത്ത് നിന്നാണ് സിഗ്നൽ കിട്ടിയത്. ഏറ്റവും കൂടുതൽ സിഗ്നൽ കിട്ടിയ മൂന്നാം സ്പോട്ടിൽ ട്രക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവിടെയാണ് പരിശോധന നടത്തുകയെന്നും സംഘം അറിയിച്ചു. മൂന്നാമത്തെ സ്പോട്ടിൽ നിന്ന് അഞ്ച് മീറ്റർ താഴ്ചയിൽ നിന്നാണ് സിഗ്നൽ ലഭിച്ചത്. ലോറിയുടെ ക്യാബിൻ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
അതേസമയം സ്ഥലത്ത് മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. ഇപ്പോഴത്തെ ഒഴുക്കിൽ മുങ്ങാൻ ശ്രമിച്ചാൽ അത് ആത്മഹത്യാപരമാകുമാകുമെന്നും ദൗത്യ സംഘം അറിയിച്ചു. സേനകൾ കണ്ടെത്തിയ സ്ഥലത്ത് തന്നെ ഐ ബോഡ് സിഗ്നൽ ലഭിച്ചിട്ടുണ്ട്. ലോറിയുടെ ഉള്ളിൽ മനുഷ്യ സാന്നിധ്യം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. മനുഷ്യസാന്നിധ്യമുണ്ടോ എന്നുള്ള പരിശോധന ഇനിയും തുടരും.
ലോറിയുടെ ക്യാബിൻ മാത്രമായി ഇളകിപോകാൻ സാധ്യത കുറവാണെന്നാണ് ബെൻസ് കമ്പനി അറിയിച്ചത്. റോഡിൽ നിന്ന് 50 മീറ്റർ ദൂരത്തിലും വെള്ളത്തിൽ അഞ്ച് മീറ്റർ താഴ്ചയിലുമാണ് ലോറിയുള്ളത്. ട്രക്ക് ക്യാബിനിൽ 17,000 ലിറ്റർ ഓക്സിജനാണുള്ളത്. അതുകൊണ്ട് ആറ് ദിവസം വരെ ക്യാബിനിൽ ജീവിക്കാം. എന്നാൽ അർജുൻ അകത്താണോ പുറത്താണോ ഉള്ളതെന്നാണ് നിർണായകമെന്നും ദൗത്യസംഘം അറിയിച്ചു.
ഒഴുക്ക് രണ്ട് നോട്ടിൽ കൂടുതലാണെങ്കിൽ ഡ്രൈവർമാർക്ക് ഇറങ്ങാൻ കഴിയില്ല. അതേസമയം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ശരീരഭാഗം കാണാതായ ശരവണൻ്റേതെന്ന് തിരിച്ചറിഞ്ഞു. ഡിഎൻഎ പരിശോധനയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കാർവാർ എംഎൽഎയാണ് ഇക്കാര്യം അറിയിച്ചത്. ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ ടാങ്കർ ഡ്രൈവറാണ് ശരവണൻ.