NEWSROOM

അർജുനായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും; ഡ്രഡ്‌ജർ അടക്കമുള്ള സംവിധാനങ്ങൾ സജ്ജം

അഴിമുഖത്തു നിന്നും രാവിലെ പുറപ്പെട്ട ഡ്രഡ്ജർ വഹിച്ചുള്ള ടഗ് ബോട്ട് ഗംഗാവലി പുഴയിൽ ഒന്നാം പാലത്തിന് സമീപം നങ്കൂരമിടുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും. ഡ്രഡ്ജർ ഉപയോഗിച്ചുള്ള പരിശോധനയാണ് നടക്കുക. നാവിക ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമാകും. ഗോവയിൽ നിന്നും കാർവാറിൽ എത്തിച്ച ഡ്രഡ്ജർ പുലർച്ചെയാണ് ഷിരൂരിലെത്തിക്കാനായത്.

അഴിമുഖത്തു നിന്നും രാവിലെ പുറപ്പെട്ട ഡ്രഡ്ജർ വഹിച്ചുള്ള ടഗ് ബോട്ട് ഗംഗാവലി പുഴയിൽ ഒന്നാം പാലത്തിന് സമീപം നങ്കൂരമിടുകയായിരുന്നു. തുടർന്ന് വൈകിട്ടോടെ വേലിയിറക്ക സമയത്താണ് ഒന്നാം പാലത്തിനടിയിലൂടെ കടന്നത്. എന്നാൽ രണ്ടാം പാലം കടക്കാനായില്ല. ജലനിരപ്പ് കുറഞ്ഞതാണ് ഇവിടെ തിരിച്ചടിയായതെന്നാണ് ലഭ്യമാകുന്ന വിവരം.

അപകടത്തിൽ പുഴയിലേക്ക് വീണ മണ്ണ് റെയിൽവേ പാലത്തിൻ്റെ പല സ്ഥലങ്ങളിലായി അടിഞ്ഞുകൂടിയിട്ടുണ്ട്. വെള്ളത്തിൻ്റെ അളവ് കുറഞ്ഞതോടെ ബോട്ട് മൺതിട്ടയിലിടിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് യാത്ര ഇന്നലെ അവസാനിപ്പിച്ചത്. പുലർച്ചെ വേലിയേറ്റമുണ്ടായതോടെ യാത്ര തുടരുകയും അപകട സ്ഥലത്തെത്തുകയുമായിരുന്നു.

നാവികസേന ഇന്നലെ നടത്തിയ പരിശോധനയിൽ ഗംഗാവലി പുഴയിലെ അടിയൊഴുക്ക് മൂന്ന് നോട്സിൽ താഴെയെന്നാണ് കണ്ടെത്തിയത്. ഷിരൂരിലെ നിലവിലെ കാലാവസ്ഥ തെരച്ചിലിന് അനുയോജ്യമാണ്. മലയാളിയായ അർജുനെ കൂടാതെ ഷിരൂർ സ്വദേശി ജഗന്നാഥ്, ഗംഗേകൊല്ല സ്വദേശി ലോകേഷ് എന്നിവരെയും ഇനി കണ്ടെത്താനുണ്ട്.

SCROLL FOR NEXT