കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണ പ്രവർത്തനത്തിന് കാക്കനാട് തുടക്കമായി. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽനിന്ന് കാക്കനാട് ഇൻഫോപ്പാർക്ക് വരെ നീളുന്നതാണ് പാത. പാത കടന്ന് പോകുന്നയിടത്തെ റോഡ് വീതി കൂട്ടുന്നതടക്കമുള്ള നിർമാണ പ്രവർത്തനങ്ങൾ നേരത്തെ പൂർത്തിയായിരുന്നു.
11.2 കിലോമീറ്റർ നീളമുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പാതയിൽ 11 സ്റ്റേഷനുകളാവും ഉണ്ടാകുക. അഫ്കോൺസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ് നിർമാണ ചുമതല. ഒന്നര വർഷത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായ പാതയിൽ 5 സ്റ്റേഷനുകളുടെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ നേരത്തെ ആരംഭിച്ചിരുന്നു.
റോഡിന്റെ മധ്യഭാഗം ബാരിക്കേഡ് ചെയ്താകും തൂണുകൾ സ്ഥാപിക്കാനുള്ള പൈലിങ് വർക്കുകൾ നടക്കുക. പ്രധാന റോഡിൽ നിർമാണം നടക്കുമ്പോൾ ബദൽ റോഡുകൾ കൂടി ഉപയോഗപ്പെടുത്തി യാത്രാ നിയന്ത്രണം ഏർപ്പെടുത്തും. രണ്ടാം ഘട്ടത്തിന് 1957 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. കേന്ദ്ര വിഹിതമായി 339 കോടി രൂപയും സംസ്ഥാന സർക്കാരിന്റെ വിഹിതമായി 556 കോടിയുമാണ് പദ്ധതിക്ക് ലഭ്യമാകുക. ശേഷിക്കുന്ന തുക പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കണ്ടെത്തും.