NEWSROOM

ഷൂട്ടിങ് നടന്നത് തൊടുപുഴയിലല്ല, കൂത്താട്ടുകുളത്ത്; രണ്ടു പരാതികളും വ്യാജം: ആരോപണങ്ങൾ തള്ളി ജയസൂര്യ

ലൈംഗികാതിക്രമ കേസിൽ ജയസൂര്യ ഇന്നാണ് അന്വേഷണ സംഘത്തിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായത്

Author : ന്യൂസ് ഡെസ്ക്

ലൈംഗികാതിക്രമ കേസിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളി നടൻ ജയസൂര്യ. രണ്ടു പരാതികളും വ്യാജമാണെന്ന് പറഞ്ഞ ജയസൂര്യ പരാതിക്കാരിയുമായി യാതൊരു സൗഹൃദവുമില്ലെന്നും അറിയിച്ചു.

2008ൽ രണ്ട് മണിക്കൂർ മാത്രമാണ് സെക്രട്ടറിയേറ്റിൽ ഷൂട്ടിങ് ഉണ്ടായിരുന്നത്. നടി പറഞ്ഞ സ്ഥലത്തായിരുന്നില്ല ഷൂട്ടിങ് നടന്നതെന്നും ജയസൂര്യ വ്യക്തമാക്കി. 2013 ൽ തൊടുപുഴയിൽ വെച്ച് അതിക്രമം നടത്തിയെന്ന പരാതിയും വ്യാജമാണ്. 2011ൽ തന്നെ ആ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞതാണ്. ആ സിനിമയുടെ ലൊക്കേഷൻ കൂത്താട്ടുകുളം ആയിരുന്നുവെന്നും ജയസൂര്യ പറഞ്ഞു.

ലൈംഗികാതിക്രമ കേസിൽ ജയസൂര്യ ഇന്നാണ് അന്വേഷണ സംഘത്തിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായത്. തിരുവനന്തപുരം കൻ്റോണ്‍മെൻ്റ് പൊലീസ് സ്റ്റേഷനിലാണ് നടൻ ഹാജരായത്.

രണ്ടു കേസുകളാണ് ജയസൂര്യയുടെ പേരിൽ നിലവിലുള്ളത്. 2013ൽ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ‘ദേ ഇങ്ങോട്ടു നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സെക്രട്ടറിയേറ്റിൽ വെച്ച് ജയസൂര്യ കടന്നുപിടിച്ചു എന്നതാണ് കൊച്ചി സ്വദേശിനിയായ യുവതിയുടെ പരാതി. ഈ പരാതിയിൽ കൻ്റോൺമെൻ്റ് പൊലീസാണ് ആദ്യം കേസെടുത്തത്. തൊടുപുഴയിൽ ഷൂട്ടിങ്ങ് ലൊക്കേഷനിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന തിരുവനന്തപുരം സ്വദേശിനിയായ നടിയുടെ പരാതിയിൽ കൂത്താട്ടുകുളം പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

SCROLL FOR NEXT