NEWSROOM

അടിയന്തര പ്രമേയ നോട്ടീസ് തള്ളിക്കൊണ്ട് സർക്കാരിനുവേണ്ടി സംസാരിച്ചില്ല- വിശദീകരണവുമായി സ്പീക്കറുടെ ഓഫീസ്

ടി പി ചന്ദ്രശേഖരന്‍ കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ നീക്കമില്ലെന്ന സർക്കാർ വിശദീകരണം ചൂണ്ടിക്കാട്ടിയാണ് അവതരണാനുമതി നിഷേധിച്ചതെന്നും മറുപടിയിൽ പറയുന്നു

Author : ന്യൂസ് ഡെസ്ക്

നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് തള്ളിക്കൊണ്ട് സർക്കാരിനുവേണ്ടി സ്പീക്കർ സംസാരിച്ചെന്ന പ്രചാരണം വസ്തുതാപരമല്ലെന്ന് സ്പീക്കറുടെ ഓഫീസ്. ടി പി ചന്ദ്രശേഖരന്‍ കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ നീക്കമില്ലെന്ന സർക്കാർ വിശദീകരണം ചൂണ്ടിക്കാട്ടിയാണ് അവതരണാനുമതി നിഷേധിച്ചതതെന്നും സ്പീക്കറുടെ തീരുമാനത്തിൽ ഒരു അപാകതയും ഇല്ലെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകുന്നത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു കഴിഞ്ഞ ദിവസം അടിയന്തര പ്രമേയ നോട്ടീസിലെ പ്രതിപക്ഷത്തിൻ്റെ ആവശ്യം. എന്നാൽ സർക്കാർ അങ്ങനെ ഒരു നീക്കം പോലും നടത്തുന്നില്ലെന്ന് പറഞ്ഞ് സ്പീക്കർ എ എൻ ഷംസീർ അവതരണാനുമതി നിഷേധിച്ചിരുന്നു. നടപടിക്രമത്തിൽ അനൗചിത്യമെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്തും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കറുടെ ഓഫീസിൻ്റെ വിശദീകരണം.

പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ നിലവില്‍ നീക്കമൊന്നുമില്ലെന്ന സര്‍ക്കാര്‍ വിശദീകരണം പുറത്തുവന്നിരുന്നുവെന്നും, അതിൻ്റെ പിന്‍ബലത്തിലാണ് ചട്ടം 52 (5) പ്രകാരം അഭ്യൂഹങ്ങളോ ആരോപണങ്ങളോ എന്ന വിഭാഗത്തില്‍പ്പെടുത്തി അടിയന്തര പ്രമേയമായി പരിഗണിക്കാതിരുന്നതെന്നും വിശദീകരണത്തിൽ പറയുന്നു. കെ കെ രമ നൽകിയ നോട്ടീസിലെ വിഷയം അഭ്യൂഹം മാത്രമാണ്‌. മുന്‍കാലങ്ങളിലും ഇത്തരത്തിലുള്ള നോട്ടീസുകളിൽ തീരുമാനമെടുത്തിരുന്നത് ഇതേരീതിയിലാണ്. ഏതെങ്കിലും തരത്തിലുള്ള ആശങ്ക നിലനില്‍ക്കുന്നതായി ബോധ്യപ്പെടുന്ന സാഹചര്യങ്ങളില്‍, വിഷയം സബ്മിഷനായി അവതരിപ്പിക്കുന്നതിനും അനുമതി നല്‍കാറുണ്ട്. അതുകൊണ്ട് സ്പീക്കറുടെ തീരുമാനത്തില്‍ ഒരു അപാകതയും ചൂണ്ടിക്കാട്ടാനാവില്ലെന്നും ഓഫീസ് അറിയിക്കുന്നു.

SCROLL FOR NEXT