NEWSROOM

കര്‍ഷകര്‍ക്ക് ആശ്വാസം; നെല്ല് സംഭരണത്തിന് 50 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

കേരളത്തില്‍ മാത്രമാണ് നെല്‍ കര്‍ഷകര്‍ക്കായി ഇത്തരമൊരു പദ്ധതി നിലവിലുള്ളതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ നെല്‍കര്‍ഷകര്‍ക്ക് ആശ്വാസ നടപടിയുമായി സംസ്ഥാന സർക്കാർ. നെല്ല് സംഭരണത്തിന് സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് 50 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ വിഹിതത്തില്‍ 207 കോടി രൂപയുടെ കുടിശിക നിലനില്‍ക്കെയാണ് സംസ്ഥാന സര്‍ക്കാർ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്.

നെല്ല് സംഭരണത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ വിഹിതത്തില്‍ 207 കോടി രൂപയുടെ കുടിശികയാണുള്ളത്. നിലവിലുള്ള സീസണിലെ നെല്ലിൻ്റെ വില കര്‍ഷകര്‍ക്ക് വിതരണം ചെയ്യാന്‍ ഇത് തടസമാകും. അത് വിതരണം ചെയ്യാനാണ് സംസ്ഥാന സര്‍ക്കാരിൻ്റെ ഇടപെടല്‍. കേന്ദ്ര സര്‍ക്കാര്‍ വിഹിതത്തിന് കാത്തുനില്‍ക്കാതെ, നെല്ല് സംഭരിക്കുമ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് വില നല്‍കുന്നതാണ് കേരളത്തിലെ രീതി.

സംസ്ഥാന സബ്‌സിഡി ഉറപ്പാക്കി നെല്ലിന് ഏറ്റവും ഉയര്‍ന്ന തുക ലഭ്യമാക്കുന്നത് കേരളത്തിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ താങ്ങുവില നല്‍കുമ്പോള്‍ മാത്രമാണ് കര്‍ഷകന് നെല്‍വില ലഭിക്കുക. കേരളത്തില്‍ പിആര്‍എസ് വായ്‌പാ പദ്ധതിയില്‍ കര്‍ഷകന് നെല്‍വില ബാങ്കില്‍നിന്ന് ലഭിക്കും. പലിശയും മുതലും ചേര്‍ത്തുള്ള വായ്‌പാ തിരിച്ചടവ് സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. കര്‍ഷകന്‍ നല്‍കുന്ന ഉല്‍പാദന ബോണസിൻ്റെയും വായ്‌പാ പലിശയുടെയും ബാധ്യത സംസ്ഥാന സര്‍ക്കാരാണ് തീര്‍ക്കുന്നത്. കേരളത്തില്‍ മാത്രമാണ് നെല്‍ കര്‍ഷകര്‍ക്കായി ഇത്തരമൊരു പദ്ധതി നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു.

SCROLL FOR NEXT