വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സഹായം തേടിയുള്ള നിവേദനം സംസ്ഥാന സർക്കാർ ഉടൻ സമർപ്പിക്കും. അന്തിമ അവലോകന റിപ്പോർട്ട് തയ്യാറാക്കാൻ ചീഫ് സെക്രട്ടറി വി. വേണുവിനാണ് ഏകോപന ചുമതല നൽകിയിരിക്കുന്നത്. റിപ്പോർട്ട് തയ്യാറായാൽ മന്ത്രിസഭായോഗത്തിന്റെ അംഗീകാരത്തോടെ കേന്ദ്രത്തിന് നൽകും.
പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകൾ സന്ദർശിച്ചതിന് പിന്നാലെ, കേന്ദ്രസഹായം തേടിയുള്ള റിപ്പോർട്ട് സമർപ്പിക്കാനാണ് സംസ്ഥാനത്തിന്റെ തീരുമാനം. ഇതിനായി വിവിധ വകുപ്പുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. ആകെയുള്ള നഷ്ടക്കണക്കിനൊപ്പം, ഓരോ മേഖലയിലുമുള്ള നഷ്ടം പ്രത്യേകമായി വിശദീകരിക്കും. പുനരധിവാസം, നഷ്ടപരിഹാരം, ജീവനോപാധി തുടങ്ങിയവയും റിപ്പോർട്ടിന്റെ ഭാഗമാകും.
ALSO READ: ദുരന്ത ഭൂമിയിൽ ബാക്കിയായത്...; മണ്ണിലലിഞ്ഞ ചൂരൽമല, സമാനതകളില്ലാത്ത രക്ഷാദൗത്യം, കഥപറയുന്ന ചിത്രങ്ങൾ
ചൂരൽമല, മുണ്ടക്കൈ മേഖലകളിലുണ്ടായ 350 ഏക്കർ കൃഷിനാശത്തിൽ പ്രധാനമായും തോട്ടം വിളകൾക്കാണ് നഷ്ടമുണ്ടായത്. ഇവയ്ക്ക് സാധാരണ നൽകുന്ന നഷ്ടപരിഹാരത്തേക്കാൾ കൂടുതൽ ആവശ്യമായി വരും. ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടി പ്രത്യേക നഷ്ടപരിഹാര പാക്കേജ് വേണമെന്ന ആവശ്യമായിരിക്കും സംസ്ഥാനം അവതരിപ്പിക്കുക. വയനാട്ടിലേത് ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണമെന്ന് നേരത്തെ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
ചൂരൽമല-മുണ്ടെക്കൈ ദുരന്തം നടന്ന് 15 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. മണ്ണിനടിയിൽ അനേകം മനുഷ്യരാണ് ഇനിയും കുടുങ്ങിക്കിടക്കുന്നത്. ലഭിക്കുന്ന ചില ശരീരഭാഗങ്ങൾ മനുഷ്യരുടേത് തന്നെയാണോ എന്ന് പോലും സ്ഥീരികരിക്കാനാവാത്ത അവസ്ഥയാണ്. തലയോട്ടി ഉൾപ്പെയുള്ള ശരീരഭാഗങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ തെരച്ചിലിൽ കണ്ടെത്തിയിരുന്നു.