എറണാംകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ 
NEWSROOM

റെയിൽവേ ട്രാക്കുകളിൽ ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിംഗ് സംവിധാനം നടപ്പിലാക്കാനൊരുങ്ങി കേരളം

പദ്ധതി നടപ്പിലാക്കുന്നതോടെ പാതയിലൂടെ കടന്നുപോകുന്ന സര്‍വീസുകൾ തമ്മിലുള്ള ഇടവേളയും, ട്രെയിനുകള്‍ പിടിച്ചിടുന്ന രീതിയും കുറയും

Author : ന്യൂസ് ഡെസ്ക്

ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിംഗ് സംവിധാനം കേരളത്തിലെ റെയിൽവേ ട്രാക്കുകളിലും നടപ്പിലാക്കാനൊരുങ്ങുന്നു. പദ്ധതിക്ക് 156.47 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്.

എറണാകുളം ജംഗ്ഷന്‍ മുതല്‍ വള്ളത്തോള്‍ നഗര്‍ വരെയുള്ള 102.74 കിലോമീറ്റര്‍ പാതയിലാണ് ഓട്ടോമാറ്റിക്ക് സിഗ്നലിംഗ് നടപ്പിലാക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് കരാര്‍. പദ്ധതി നടപ്പിലാവുന്നതോടെ പാതയിലൂടെ കടന്നുപോകുന്ന സര്‍വീസുകൾ തമ്മിലുള്ള ഇടവേളയും, ട്രെയിനുകള്‍ പിടിച്ചിടുന്ന രീതിയും കുറയും. അതിനാല്‍ കൂടുതല്‍ ട്രെയിൻ സർവീസുകൾ നടത്താനാകും. നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് പാതയുടെ ശേഷി മൂന്നിരട്ടിയോളം വര്‍ദ്ധിക്കും.

ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ ഒന്നു മുതല്‍ ഒന്നര കിലോമീറ്റര്‍ വരെ വ്യത്യാസത്തില്‍ സിഗ്നൽ പോസ്റ്റുകള്‍ സ്ഥാപിക്കും. അതുവഴി ട്രെയിനുകള്‍ക്ക് ഒന്നിനു പിറകെ ഒന്നായി സഞ്ചരിക്കാനാകും. ആദ്യം പോകുന്ന ട്രെയിന്‍ ഏഴ് കിലോമീറ്റര്‍ അപ്പുറമുള്ള അടുത്ത സ്റ്റേഷനില്‍ എത്തിയാലേ പിന്നാലെ വരുന്നതിനെ കടത്തിവിടാനാകൂ എന്നതാണ് നിലവിലെ അവസ്ഥ. ഓട്ടോമാറ്റിക് സിഗ്നലിങ് വന്നാല്‍ മൂന്നു ട്രെയിനുകള്‍ക്ക് പിന്നിലേ പോകാന്‍ കഴിയൂ. ഇപ്പോള്‍ രണ്ട് സ്റ്റേഷനുകള്‍ക്കിടയില്‍ ഒരു ട്രെയിനിന് മാത്രമേ കടന്നുപോകാനാകൂ. ട്രെയിനുകള്‍ പാതയിലൂടെ കടന്നുപോകുന്നതനുസരിച്ചുമാത്രമേ സിഗ്നല്‍ പ്രവര്‍ത്തിക്കൂ. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി നിശ്ചിതപാതയില്‍ സര്‍വേ നടത്തി സാധ്യത പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

SCROLL FOR NEXT