NEWSROOM

ഡേവിഡ് ഫിഞ്ചർ: ഹോളിവുഡിലെ പെർഫെക്ഷനിസ്റ്റ്

സിനിമയെ ഒരു വിഷ്വൽ മീഡിയം എന്ന നിലയ്ക്ക് പരമാവധി പരീക്ഷണത്തിന് വിധേയമാക്കുന്ന സംവിധായകനാണ് ഡേവിഡ് ഫിഞ്ചർ

Author : ശ്രീജിത്ത് എസ്

പുകവലി ആരോ​ഗ്യത്തിന് ഹാനികരം! സിനിമ കാണുന്നവർക്ക് ഏറെ പരിചിതമായ ഡയലോ​ഗ്. ഇതിനൊപ്പം വരുന്ന ദൃശ്യങ്ങളും അതുപോലെ തന്നെ സുപരിചിതമാണ്. എന്നാൽ അത്രയ്ക്ക് കേട്ടിട്ടില്ലാത്ത ഒരു നോ സ്മോക്കിങ് ആഡിനെപ്പറ്റി പറയാം.



ഈ പരസ്യത്തിൽ നിങ്ങൾ കാണുന്നത് ​ഗർഭപാത്രത്തിൽ, തളളവിരലും കുടിച്ചു കിടക്കുന്ന ഒരു ഭ്രൂണത്തെയാണ്. പതിയെ ആ കുഞ്ഞ് വായിൽ നിന്നും വിരൽ മാറ്റി മറ്റേ കയ്യിൽ ഇരിക്കുന്ന സി​ഗരറ്റ് ചുണ്ടിലേക്ക് വയ്ക്കുന്നു. ഒരു പുകയെടുക്കുന്നു.



1985ൽ ഇറങ്ങിയ ഈ സ്മോക്കിങ് ഫീറ്റസ് ആഡ് ഏറെ വിവാദങ്ങൾക്ക് കാരണമായി. ഈ പരസ്യം പ്രേക്ഷകരെ അസ്വസ്ഥരാക്കുന്നു എന്നായിരുന്നു ആരോപണം. എന്നാൽ, പരസ്യം പുറത്തിറക്കിയ അമേരിക്കൻ ക്യാൻസർ സൊസൈറ്റി അത് കാര്യമാക്കിയില്ല. കാരണം ഈ പരസ്യം സംവിധാനം ചെയ്ത ആളോട് അവർ ഒന്നേ ആവശ്യപ്പെട്ടിരുന്നുള്ളൂ. തങ്ങളുടെ ആശയം കമ്മ്യൂണിക്കേറ്റഡ് ആകണം. പ്രേക്ഷകരെ ഈ പരസ്യം ബാധിക്കണം. അതിൽ ആ നവാ​ഗത സംവിധായകൻ വിജയിച്ചു. അയാൾ അങ്ങനെയാണ്, ദൃശ്യങ്ങളെ സ്ക്രീനിൽ നിന്നും പ്രേക്ഷകരിലേക്ക് ആഴത്തിൽ കൊണ്ടെത്തിക്കും. അതിനുള്ള ചെപ്പടിവിദ്യകൾ പലതും അയാൾക്ക് അറിയാം.



അടുത്ത പുകയെടുക്കാൻ ഒരോ ​ഗർഭിണിയേയും മടിപ്പിച്ച ആ സംവിധായകൻ പ്രേക്ഷകരെ നിരന്തരം സീറ്റിന്റെ തുഞ്ചത്ത് ഇരുത്തി സിനിമ കാണിച്ചു. ഇന്നും എന്നും നല്ല ഒരു ത്രില്ലർ ഡ്രാമ കണ്ടാൽ നിങ്ങൾ അയാളുടെ പേര് ഓർത്തുപോകും. അത്രയ്ക്കുണ്ടോ എന്ന് താരതമ്യപ്പെടുത്തും. സിനിമ പ്രേമികളെ അത്രയ്ക്ക് ഉറക്കം കെടുത്തിയിട്ടുണ്ട് ആ സംവിധായകൻ. അത് മറ്റാരുമല്ല, ദ മൊഡേൺ ഡേ മാസ്റ്റർ, ഡേവിഡ് ഫിഞ്ചർ!

സിനിമയെ ഒരു വിഷ്വൽ മീഡിയം എന്ന നിലയ്ക്ക് പരമാവധി പരീക്ഷണത്തിന് വിധേയമാക്കുന്ന സംവിധായകനാണ് ഡേവിഡ് ഫിഞ്ചർ. ഒരൊറ്റ ഫ്രെയിമിൽ നിങ്ങൾക്ക് ഫിഞ്ചർ പടം തിരിച്ചറിയാൻ സാധിക്കും. അത്രയ്ക്ക് യുണീക്കാണ് ഫിഞ്ചറിന്റെ സ്റ്റൈലും അവതരണവും. അതിന് മറ്റൊരു അവകാശിയില്ല. ഇത് എങ്ങനെയാണ് ഫിഞ്ചർ സാധിച്ചെടുക്കുന്നത്. പിടിവാശി എന്നുതന്നെ പറയണം.



ഇന്ന് നമ്മൾ കാണുന്ന ഫിഞ്ചറിന്റെ തുടക്കം ഇൻഡസ്ട്രിയൽ ലൈറ്റ് ആൻഡ് മാജിക് (Industrial Light and Magic) വിഎഫ്എക്സ് കമ്പനിയിൽ നിന്നാണ്. അവിടുത്തെ ഓഫീസ് അസിസ്റ്റന്റായിരുന്നു ഫിഞ്ചർ. എല്ലാം കണ്ടും കേട്ടും പടിച്ച അയാൾ ഒടുവിൽ ആ സ്ഥാപനത്തിലെ വിഷ്വൽ എഫക്ടസ് ഡയറക്ടർ വരെയായി. ഇതിനു ശേഷം പ്രൊപ്പ​ഗണ്ട ഫിലിംസ് എന്ന കമ്പനിയുടെ സഹസ്ഥാപകനായി പരസ്യങ്ങളും മ്യൂസിക് വീഡിയോകളും ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് 1992ൽ ഫിഞ്ചറിന് ആദ്യമായി സംവിധാനം ചെയ്യാനുള്ള അവസരം കിട്ടുന്നത്. പക്ഷേ, ഏലിയൻ 3 എന്ന ആ ചിത്രം പരാജയമായിരുന്നു. ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭം​ഗിയുള്ള മോശം സിനിമ എന്നാണ് ഏലിയൻ 3യെ നിരൂപകനായ റോജർ എബർട്ട് വിശേഷിപ്പിച്ചത്.

പുതുമുഖ സംവിധായകർ ഇവിടെ ശ്രദ്ധിക്കണം! ഈ സിനിമ നിർമിച്ച സ്റ്റുഡിയോ ഫിഞ്ചറിന് അനുഭവ സമ്പന്നരുടെ വലിയ ഒരു ടീമിനെ നൽകിയിരുന്നു. അവർ ഫിഞ്ചറിന്റെ പുതിയ ആശയങ്ങൾക്ക് മുന്നിൽ ആയിരക്കണക്കിന് തടസങ്ങൾ നിരത്തി. ഇതൊക്കെ ഇങ്ങനെ മതി എന്ന് പറഞ്ഞുവച്ചു. അതുകൊണ്ട് തന്നെ ആഗ്രഹിച്ച സിനിമയിലേക്ക് എത്താൻ ഫിഞ്ചറിന് സാധിച്ചില്ല. ഏതൊരു പുതുമുഖ സംവിധായകനും ഇത് സംഭവിക്കാം. അന്ന് രണ്ട് തീരുമാനങ്ങൾ ഫിഞ്ചർ എടുത്തു. ഒന്ന്, ഇനി ഒരു ടെക്നീഷ്യന്റെ നോ കേട്ട് മടങ്ങില്ല. അവർ അസാധ്യം എന്ന് പറയുന്നതിനെ കാര്യ കാരണ സഹിതം സാധ്യമാണ് എന്ന് തെളിയിക്കും. രണ്ട്, ഇനി ഞാൻ എടുക്കുന്നുണ്ടെങ്കിൽ അത് എന്റെ സിനിമ ആയിരിക്കും. അങ്ങനെ ഒരു സിനിമ തന്നെ അടുത്തതായി ഫിഞ്ചർ എടുത്തു. സെവൻ!

90കളുടെ പാതിയിൽ ഏറെ ചർച്ചയായ സ്ക്രിപ്റ്റായിരുന്നു ആൻഡ്രൂ കെവിൻ വാക്കറിന്റെ സെവൻ. അതിന്റെ ബോൾഡും ഒർജിനലുമായ സ്റ്റോറിലൈൻ എല്ലാവരെയും ആവേശം കൊള്ളിച്ചു. എന്നാൽ, ക്ലൈമാക്സ് വായിക്കുമ്പോൾ ഞെട്ടലുണ്ടാക്കുമ്പോഴും അത് സ്ക്രീനിൽ പാളുമോ എന്നായിരുന്നു സ്റ്റുഡിയോകളുടെ ഭയം. പലതവണ ആ ക്ലൈമാക്സ് തിരുത്തിയെഴുതി. പക്ഷെ ഫിഞ്ചറിന്റെ കയ്യിലേക്ക് മാറി എത്തിയത് സ്ക്രിപ്റ്റിന്റെ ഒറിജിനൽ വേർഷനാണ്. അയാൾ തന്റെ സിനിമ അങ്ങനെ തന്നെ അവസാനിക്കണം എന്ന് വാശിപിടിച്ചു. അന്ന് നിർമാതാക്കൾ ഫിഞ്ചറിനെ മാറ്റി മറ്റൊരാളെ കൊണ്ടുവരാതിരുന്നത് അയാളിൽ രണ്ട് പേർ അർപ്പിച്ച വിശ്വാസം കാരണമാണ്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബ്രാഡ് പിറ്റും മോർ​ഗൻ ഫ്രീമാനും. അവർ ഫിഞ്ചറിൽ ഒരു പ്രതിഭയുടെ തിളക്കം കണ്ടു. അത് ശരിയുമായിരുന്നു.



ഫിഞ്ചർ ആ സ്ക്രിപ്റ്റിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തി. ലൈറ്റിങ്, വിഷ്വൽ എഫക്ട്, ക്യാമറ, ബാക്ക് ​ഗ്രൗണ്ട് സ്കോർ എന്നിങ്ങനെ സിനിമയിലെ എല്ലാ മേഖലയിലും അറിവ് സമ്പാദിച്ചിരുന്ന ആ സംവിധായകൻ തനിക്ക് വേണ്ടത് പറഞ്ഞ് ചെയ്യിപ്പിച്ചു. തന്റെ ഇരുണ്ട ചിന്തകളെ ഛായാഗ്രാഹകനായ ഡാരിയസ് ഖോണ്ട്ജിയിലൂടെ ഫിഞ്ചർ ആവിഷ്കരിച്ചു. ഉയർന്ന കോൺട്രാസ്റ്റിലുള്ള ലൈറ്റിംഗ്, നിർവികാരമായ കളർ പാലറ്റ്, സിലൗട്ടുകൾ, ഫ്രെയിമിനെ കീഴടക്കുന്ന നിഴലുകൾ എന്നിവ 35 എംഎം ഫിലിം ഇമേജിലേക്ക് അവർ വിവർത്തനം ചെയ്തു.

ഈ സിനിമ മൊത്തം നടക്കുന്നത് മഴ വീണ് കുതിർന്ന ഒരു ന​ഗരത്തിലാണ്. അവിടെയാണ് ദ സെവൻ സിൻസ് കൊലപാതകങ്ങൾ അരങ്ങേറുന്നത്. അവിടെയാണ് ഡിറ്റക്ടീവ് സോമർസെറ്റും ഡെവിഡ് മിൽസും കൊലപാതകിക്കായി തെര‍ച്ചിൽ നടത്തുന്നത്. ഒറ്റ സീനിൽ മാത്രമാണ് ഈ സെറ്റിങ് മാറുന്നത്. സ്റ്റുഡിയോകളെ ആശയക്കുഴപ്പത്തിലാക്കിയ ആ ക്ലൈമാക്സ് സീനിൽ. ക്ലൈമാക്സ് നടക്കുന്നത് വരണ്ടുണങ്ങിയ വെളിച്ചം കടന്നുവരുന്ന സ്ഥലത്താണ്. അവിടെ ജോൺ ഡോ എന്ന സീരിയൽ കില്ലറിന് നേരെ തോക്ക് ചൂണ്ടിയ മിൽസും. What's in the box? എന്ന ചോദ്യവും. പ്രേക്ഷകർ ഏറ്റെടുത്ത ഈ എൻഡിങ് കൊറിയോ​ഗ്രഫി ചെയ്തിരിക്കുന്ന വിധം ഒരു മാസ്റ്റർക്ലാസ് തന്നെയാണ്. ഡേവിഡ് ഫിഞ്ചറിന്റെ സിഗ്നേച്ചറായി മാറിയ ഏസ്തെറ്റിക്സിന്റെ തുടക്കം ഇവിടെ നിന്നാണ്. തുടക്കം തന്നെ ​പൂർണം എന്ന് പറയാം. കാരണം ടെക്നിക്കൽ സൈഡിനൊപ്പം ഒരു ത്രില്ലറിലെ കഥാപാത്രങ്ങളെ എത്രമാത്രം ഡ്രമാറ്റിക്കായി അവതരിപ്പിക്കാം എന്നു കൂടി കാണിച്ചു തരുന്നുണ്ട് ഫിഞ്ചർ.



ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രത്തിന്റെ ഏറ്റവും ചെറിയ വിശദാംശങ്ങൾ വരെ നിയന്ത്രിക്കുന്ന ഒരു വിഷ്വൽ പെർഫെക്ഷനിസ്റ്റ് എന്ന നിലയിലുള്ള ഫിഞ്ചറിന്റെ പ്രശസ്തിയുടെ തുടക്കവും സെവനിൽ നിന്നാണ്. അവിടുന്നങ്ങോട്ട് എണ്ണം പറഞ്ഞ സിനിമകളുടെ ഒരു നിര തന്നെ. ഈ സിനിമകളുടെ ചിത്രീകരണ വേളയിൽ ഫിഞ്ചർ ഏറ്റവും അധികം ഉപയോ​ഗിച്ച വാക്ക് ഒരു പക്ഷേ വൺസ് മോർ (Once More) എന്നായിരിക്കും. അത്ര അധികം ടേക്കുകൾ പോകുന്ന സംവിധായകനാണ് ഫിഞ്ചർ. അതിന് ഫിഞ്ചറിന് വ്യക്തമായ കാരണവുമുണ്ട്. ഒരു സോഫയിൽ ഒരു കഥാപാത്രം ഇരിക്കുന്നു. അഭിനേതാവ് ചിലപ്പോൾ തയ്യാറായി ആയിരിക്കും സെറ്റിലേക്ക് എത്തുക. ആദ്യ ടേക്ക് അയാൾക്ക് ഓക്കെയും ആയിരിക്കും. പക്ഷേ അതിൽ ഒരു യാന്ത്രികതയുണ്ട്. ഷോട്ടുകൾ ഇങ്ങനെ പലതാകുമ്പോൾ അയാൾക്ക് ആ സോഫ തന്റേതുപോലെ തോന്നും. മസിൽ മെമ്മറിയെ മറികടന്ന് അനായാസമായി അയാൾക്ക് അഭിനയിക്കാൻ കഴിയും. അതാണ് ഫിഞ്ചറിന്റെ ഓക്കെ ഷോട്ട്.



ഈ സ്വാഭാവികത അഭിനയത്തിൽ കൊണ്ടുവരുന്നതിൽ പ്രേക്ഷകനെ കബളിപ്പിക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട്. പ്രേക്ഷകനെ തെറ്റിദ്ധരിപ്പിക്കുക എന്നത് ഒരു ഫിഞ്ചർ ടെക്നിക്ക് കൂടിയാണ്. ഫൈറ്റ് ക്ലബിൽ ടൈലർ ഡർഡനിൽ നമ്മൾ വിശ്വസിക്കുന്നത് അതുകൊണ്ടാണ്. ഈ കഥാപാത്രത്തിന്റെ സ്വത്വം തന്നെ സ്വയം കബളിപ്പിക്കാനുള്ള മനുഷ്യന്റെ ത്വരയാണ്. ഓഫീസിലെ കോപ്പി മെഷീനിൽ നിന്നും വരുന്ന ഒരേപോലെയുള്ള പേപ്പറുകളെ നോക്കി, Everything is a copy of a copy of a copy എന്ന് നറേറ്റർ പറയുമ്പോൾ പെട്ടെന്ന് ടൈലറിനെ ഒരു ​ഗ്ലിച്ചിലൂടെ ഫിഞ്ചർ കൊണ്ടു വരുന്നു. അപ്പോഴാണ് പറ്റിക്കപ്പെടുകയായിരുന്നു എന്ന് നമ്മൾ തിരിച്ചറിയുന്നത്. ​ഗോൺ ​ഗേളാണ് ഇതിന് മറ്റൊരു ഉദാഹരണം കാണികളെ രണ്ട് കഥപാത്രങ്ങളുടെയും ​ഗ്രേ ഷേഡുകൾക്കൊപ്പം നിർത്തി ജീവിതത്തിലെന്നപോലെ ധാരണകളെയെല്ലാം തകിടം മറിക്കുകയാണ് സംവിധായകൻ.


ഫൈറ്റ് ക്ലബിലേക്ക് തന്നെ തിരിച്ചുപോകാം. ഈ സിനിമ വിരസമായ ജീവിതത്തിൽ തന്റെ ആൾട്ടർ ഇ​ഗോയെ കണ്ടെത്തുന്ന ഒരു നറേറ്ററിലൂടെയാണ് സഞ്ചരിക്കുന്നത്. ഈ ആൾട്ടർ ഈ​ഗോ, അതായത് ടൈലർ ഡർഡൻ, വഴി നറേറ്റർ കണ്ടെത്തുന്നത് വ്യവസ്ഥിതികൾക്ക് അപ്പുറത്തുള്ള ജീവിതമാണ്. ഏതൊരാളും ആ​ഗ്രഹിക്കുന്ന അരാജകത്വമാണ്. ഈ വ്യത്യാസം സിനിമയിൽ കൊണ്ടു വരുന്നതിന് പ്രൊഡക്ഷൻ ഡിസൈൻ വലിയ തോതിൽ സഹായിച്ചിട്ടുണ്ട്. വൃത്തിയുള്ള അടച്ചൊതുക്കമുള്ള ഫ്ലാറ്റിലാണ് നറേറ്ററിന്റെ ഒരു ജീവിതമെങ്കിൽ സിനിമയിലെ മറു ജീവിതത്തെ പേപ്പർ സ്ട്രീറ്റിലെ പൊളിഞ്ഞ് വീഴാറായ വൃത്തിഹീനമായ ടൈലറിന്റെ താവളത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഒരു പുതിയ ജീവിതത്തിലേക്ക് ജ്ഞാന സ്നാനം ചെയ്യാൻ പറ്റിയ ഇടം. സിനിമയിൽ കടന്നു വരുന്ന ആഗോളവത്കരത്തിനെതിരെയുള്ള യുദ്ധ പ്രഖ്യാപനത്തിനും.

ഫിഞ്ചറിന്റെ സിനിമകളെ വ്യത്യസ്തമാക്കുന്ന മറ്റൊരു സവിശേഷത അതിന്റെ കളർ പാലറ്റാണ്. മഞ്ഞയാണ് സംവിധായകന്റെ ഇഷ്ട നിറം. ​ഗ്രീൻ, റെഡ്, ബ്ലൂ എന്നീ നിറങ്ങളും കഥയ്ക്ക് അനുസരിച്ച് സിനിമകളിൽ കടന്നു വരുന്നത് കാണാം. ​ഗോൺ ​ഗേളിലെ ഒരു സീൻ ഉദാഹരണമായി എടുക്കാം. തന്റെ ഭാര്യയെ കാണാനില്ല എന്ന് മാധ്യമങ്ങളെ അറിയിക്കാൻ വരുന്ന നായകൻ. കൂടെ ഭാര്യയുടെ അച്ഛനും അമ്മയും. ഈ സീനിൽ നായകൻ ധരിച്ചിരിക്കുന്നത് ഒരു നീല ഷർട്ടാണ്. ഇയാൾക്ക് ചുറ്റുമുള്ള ന്യൂട്രൽ കളറുകളിൽ ഈ നിറം എടുത്തറിയും. ആ നിമിഷം ആ കേസിലെ പ്രൈമറി സസ്പെക്ട് അയാളാണെന്ന് പറയാതെ പറഞ്ഞു കഴിഞ്ഞു സംവിധായകൻ. ഇത്തരം നിറങ്ങളോട് അടുക്കാൻ കഥാപരമായും ഫിലോസഫിക്കലായും സംവിധായകന് കാരണങ്ങളുണ്ട്. ചുറ്റുമുള്ള ജീവിതത്തിന്റെ ആഘോഷം അല്ല സിനിമകളിൽ ഫിഞ്ചർ ആവിഷ്കരിക്കുന്നത്. ഒരു മാക്ബുക്ക് തുറന്നു കഴിഞ്ഞാൽ കാണുന്ന വൈബ്രന്റ് നിറങ്ങളുടെ ലോകവുമല്ല നമുക്ക് ചുറ്റുമുള്ളത്. അതു കൂടി പറഞ്ഞു വയ്ക്കാനുള്ള ശ്രമമാണ് ഈ കളർ ചോയിസ്.

ഇതുപോലെ, സിനിമാറ്റിക് ആയിട്ടുള്ള ടെക്നിക്കുകളെ കഥപറച്ചിലിന്റെ ഉപാധിയാക്കുന്ന ഒരുപാട് അവസരങ്ങൾ ഫിഞ്ചറിന്റെ സിനിമകളിൽ കാണാം. ഉദാഹരണത്തിന് സിനിമാട്ടോഗ്രഫി. ക്ലോസപ്പുകളുടെ ആരാധകനല്ല ഫിഞ്ചർ. ആവശ്യമെങ്കിൽ മാത്രമേ ഈ സങ്കേതം ഫിഞ്ചർ ഉപയോ​ഗിക്കൂ. വൈഡ് ഷോട്ടുകൾ. അവിടെ നിന്നും കട്ട് ചെയ്ത് കയറുന്ന ഇൻസേർട്ടുകൾ. അവയ്ക്കാണ് പ്രാധാന്യം. ക്യാമറ അങ്ങനെ എപ്പോളും ചലിപ്പിക്കുകയുമില്ല. ഇനി ചലിപ്പിച്ചാൽ അതിന് വ്യക്തമായ ഉദ്ദേശ്യവുമുണ്ടാകും. കഥാപാത്രത്തിന് ഒപ്പമാകും ആ ചലനങ്ങൾ. ഒരു കഥാപത്രം എഴുന്നേറ്റാൽ, ഇരുന്നാൽ, നടന്നാൽ ഒക്കെ ക്യാമറയും ഒപ്പം ചലിക്കും. നമ്മൾ ആയാളെ ഫോളോ ചെയ്യുന്നത് പോലെ. എന്നാൽ, ക്യാമറയ്ക്ക് പിന്നിൽ ഒരാളുണ്ട് എന്ന തോന്നൽ ഒഴിവാക്കുകയും ചെയ്യും. പതിയെ ഫിഞ്ചറിന്റെ യാഥാർഥ്യം നിങ്ങളുടെ യാഥാർഥ്യമായി മാറും.



ഇനി രണ്ട് പേർ സംസാരിച്ചിരിക്കുന്ന സീനാണെങ്കിലോ? എളുപ്പം എന്ന് തോന്നുമെങ്കിലും അത് വ്യത്യസ്തമാക്കുക വെല്ലുവിളി തന്നെയാണ്. ഉദാഹരണത്തിന് സോഷ്യൽ നെറ്റ്‌വർക്കിലെ ഓപ്പണിങ് സീൻ. സുക്കർബർ​ഗും കാമുകിയും ബാറിലിരുന്ന് സംസാരിക്കുന്നു. സുക്കർബർ​ഗ് ഒരു സോഷ്യൽ ആനിമൽ അല്ലെന്നും അയാളുടെ ആ​ഗ്രഹങ്ങൾ എന്തൊക്കെയാണെന്ന് വെളിപ്പെടുത്തുകയാണ് സീനിന്റെ ലക്ഷ്യം. ചടുലവും ദൈർഘ്യവുമേറിയ ആരോൻ സോർക്കിന്റെ ഡയലോ​ഗുകൾക്കിടയിൽ ക്യാമറ അധികം ഒന്നും ചലിക്കുന്നില്ല. സംഭാഷണം പിരിമുറുക്കത്തിലേക്ക് കടക്കുമ്പോൾ സൂക്ഷ്മമായ പുഷ്-ഇന്നുകൾ മാത്രം. അതിലൂടെ തന്നെ ആ കഥാപാത്രം എത്രമാത്രം ആത്മരതിയിൽ ഏർപ്പെടുന്നുണ്ടെന്ന് വ്യക്തമാകുന്നു. സിനിമയിൽ ഉടനീളം സുക്കർബർ​ഗിന്റെ കഥാപാത്ര നിർമിതിയിൽ ഇത്തരം ക്യാമറ മൂവ്മെന്റ്സിനും പങ്കുണ്ട്. ഫിഞ്ചർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ക്രൈം ഡ്രാമ സീരീസ്, മൈൻഡ് ഹണ്ടറിലും ഇത്തരം ടെക്നിക്കുകൾ വിദ്​ഗധമായി ഉപയോ​ഗിച്ചിട്ടുണ്ട്. എഡ് കെമ്പർ മുതൽ ചാർൾസ് മേസൺ വരെയുള്ള സീരിയൽ കില്ലേഴ്സ് കടന്നുവരുന്ന ഈ സീരീസിൽ ഒരൊറ്റ കൊലപാതകവും കാണിക്കുന്നില്ല. പക്ഷേ ടെൻഷൻ നിലനിർത്തുകയും ചെയ്യുന്നു. ക്രിമിനൽ സൈക്കോളജിയെ തന്റെ സിനിമാറ്റിക് ട്രീറ്റ്മെന്റ് വഴി പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ഫിഞ്ചർ. ത്രില്ലർ ഡ്രാമകൾക്ക് പുതിയൊരു ടെംപ്ലേറ്റ്.

ഇതേ പ്രാധാന്യമാണ് വിഷ്വൽ എഫ്ക്ട്സിനും ഉള്ളത്. സിജിഐ (CGI) എന്ന് മേനി പറയാനല്ല ഈ ഇഫക്ട് സിനിമയിൽ കൊണ്ടുവരുന്നത്. ഉദാഹരണത്തിന് സോഡിയാക്കിലെ 1960കളിലെ സാൻ ഫ്രാൻസിസ്ക്കോ സി.ജിയാണെന്ന് തോന്നുകയേയില്ല. അത്രയ്ക്ക് പെർഫെക്ട്. അതേ പെർഫെക്ഷനും തുട‍ർച്ചയ്ക്കും വേണ്ടിയാണ് ​ഗേൾ വിത്ത് ദ ഡ്രാ​ഗൺ ടാറ്റുവിൽ ലിസ്ബത്ത് എന്ന കഥാപാത്രത്തിന്റെ മുടിക്കിടയിലെ ​വിടവും സിജി ചെയ്തത്. അതിലെ കുറ്റാന്വേഷണത്തിൽ ഏർപ്പെടുന്ന നായകന്റെ എവിഡൻസ് ബോർഡ് പോസ്റ്റ് പ്രോഡക്ഷനിൽ സിജി ചെയ്താണ് കഥാ​ഗതിയുമായി മാച്ച് ചെയ്തത്. അവിടെയും തീരുന്നില്ല, പ്രാക്ടിക്കൽ ബ്ലഡിന്റെ ആരാധകനല്ല ഫിഞ്ചർ. അതുകൊണ്ട് തന്നെ സിനിമകളിലെ ചോരയും സി.ജി തന്നെ. സി.ജി വിത്ത് പെർഫെക്ഷൻ. ​ഗോഡ്സി‌ല്ല എന്ന സിനിമയെക്കാൾ സിജി ഉപയോ​ഗിച്ചിട്ടുണ്ട് സോഷ്യൽ നെറ്റ്‌വർക്കിൽ എന്ന് പറയുമ്പോൾ തന്നെ ആ ടെക്നോളജിയെ എത്ര ബ്രില്യന്റായിട്ടാണ് സംവിധായകൻ കൈകാര്യം ചെയ്യുന്നതെന്ന് മനസിലാക്കാം.

ടെക്നോളജിയെ സ്റ്റോറിടെല്ലിങ്ങിലേക്ക് കൊണ്ടുവരുന്ന അപൂർവം സംവിധായകരെയുള്ളൂ. കഥയ്ക്കായാണ് അവർ ടെക്നോളജിയെ സമീപിക്കുക, നേരെ തിരിച്ചല്ല. ലവ് ഡെത്ത് റോബോട്ട് എന്ന അനിമേറ്റഡ് സീരീസിൽ പോലും ഫിഞ്ചർ അതാണ് പിന്തുടരുന്നത്. ഫിഞ്ചർ തന്റെ സിനിമയാണ് ചെയ്യുന്നത്. അതിൽ 100 ശതമാനം ഫിഞ്ചർ ടച്ച് ഇല്ലെങ്കിൽ അത് പ്രേക്ഷകരിലേക്ക് എത്തില്ല. ആ വിശ്വാസമാണ് നാളിതുവരെ കൊണ്ട് ഈ സംവിധായകൻ ആർജിച്ചെടുത്തത്. അതുകൊണ്ട് തന്നെ താനൊരു ഫിഞ്ചർ ഫാനാണ് എന്ന് പറയുമ്പോൾ ആരാധകർക്ക് അൽപ്പം തലക്കനമുണ്ടാകും. ഫിഞ്ചർ ഫാൻസ് ക്ലബിലുള്ളവർ അങ്ങനെയാണ്. അവർക്ക് അവരുടേതായ റൂളുകളുണ്ട്. And the first rule of fincher club is...

SCROLL FOR NEXT