പൗരത്വ നിയമത്തിലെ സെക്ഷൻ 6 എയുടെ ഭരണഘടനാ സാധുത ശരിവച്ച് സുപ്രീം കോടതി. 1966 ജനുവരി 1 മുതൽ 1971 മാർച്ച് 25 വരെ അസമിൽ പ്രവേശിച്ച കുടിയേറ്റക്കാർക്ക് പൗരത്വം അനുവദിക്കുന്നതാണ് സെക്ഷൻ 6 എ. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് അടക്കം നാല് ജഡ്ജിമാർ വിധിയെ അനുകൂലിച്ചപ്പോൾ ജസ്റ്റിസ് ജെ ബി പർദിവാല വിയോജിപ്പ് രേഖപ്പെടുത്തിയതായി കോടതി അറിയിച്ചു.
ജസ്റ്റിസ് സൂര്യകാന്താണ് ഭൂരിപക്ഷ വിധി തയ്യാറാക്കിയത്. രാജീവ് ഗാന്ധി സര്‍ക്കാര്‍ 1985ല്‍ തയ്യാറാക്കിയ ഉടമ്പടി സുപ്രീംകോടതി ശരിവെച്ചു. പൗരത്വ നിയമത്തിലെ 6എ വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ തള്ളിയായിരുന്നു സുപ്രീം കോടതിയുടെ വിധി. 1971 മാര്‍ച്ച് 25ന് ശേഷമുള്ള കുടിയേറ്റക്കാരുടെ പട്ടിക സുപ്രീംകോടതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
1966 ജനുവരി ഒന്ന് മുതല്‍ 1971 മാര്‍ച്ച് 25 വരെയുള്ള കാലയളവില്‍ ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവര്‍ക്ക് പൗരത്വം നല്‍കിയത് നിയമപരമാണോയെന്നും പരിശോധിക്കും. 1966ന് ശേഷം വന്ന മുപ്പതിനായിരത്തിലധികം പേര്‍ വിദേശികളാണെന്ന് ട്രിബ്യൂണല്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാർ അസമിലേക്ക് പ്രവേശിക്കുന്നതിനെതിരെ നടന്ന പ്രക്ഷോഭം അവസാനിപ്പിക്കുന്നതായിരുന്നു ഈ കരാർ. രാജീവ് ഗാന്ധി സർക്കാരും ഓൾ അസം സ്റ്റുഡൻ്റ്‌സ് യൂണിയനും (എഎഎസ്‌യു) തമ്മിൽ 1985-ൽ അസം ഉടമ്പടി ഒപ്പുവെച്ചതിനെ തുടർന്നായിരുന്നു ഈ വ്യവസ്ഥ നിലവിൽ വന്നത്. എന്നാൽ 1971 മാർച്ച് 25 നു ശേഷം ഇന്ത്യയിൽ എത്തുന്ന കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വത്തിന് അർഹതയില്ലെന്ന് ഉടമ്പടി പറയുന്നു.
ബംഗ്ലാദേശിൽ നിന്നുള്ളവർ അനധികൃതമായി അഭയാർഥികളായി എത്തുന്നതിനാൽ സംസ്ഥാനത്തിൻ്റെ ജനസംഖ്യാപരമായ സന്തുലിതാവസ്ഥ തകരുകയാണെന്ന് ഇതിനോടകം സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജികളിൽ പറഞ്ഞിരുന്നു. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റവും രേഖകളില്ലാത്ത വ്യക്തികളേയും കണ്ടെത്തി നാടുകടത്താനുള്ള സർക്കാരിൻ്റെ ശ്രമങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ നേരത്തേ കോടതി ആവശ്യപ്പെട്ടിരുന്നു.