ആർത്തവ അവധിക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നയം രൂപീകരിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി. ആർത്തവ അവധി നൽകുന്നത് തൊഴിലുടമകളിൽ സ്ത്രീകൾക്ക് ജോലി നൽകാനുള്ള താൽപര്യം ഇല്ലാതെയാക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഹർജിക്കാർക്ക് വനിതാ ശിശു വികസന മന്ത്രാലയത്തെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി
രാജ്യത്തുടനീളമുള്ള വിദ്യാർഥിനികൾക്കും, ജോലി ചെയ്യുന്ന സ്ത്രീകൾക്കും ആർത്തവ അവധി നൽകുന്നതിന് നയം രൂപീകരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജിയാണ് സുപ്രിം കോടതി തള്ളിയത്. മെറ്റേണിറ്റി ബെനഫിറ്റ് ആക്ടിലെ സെക്ഷൻ 14 ഫലപ്രദമായി നടപ്പിലാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ, ആര്‍ത്തവ അവധികൾ നൽകുന്നത് തൊഴിലുടമകളിൽ സ്ത്രീകൾക്ക് ജോലി നൽകാനുള്ള താൽപര്യം ഇല്ലാതെയാക്കുമെന്നും, ഇത് വിപരീത ഫലമുണ്ടാക്കുമെന്നുമുള്ള നിരീക്ഷണത്തോടെയാണ് ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്. ഇത് സർക്കാരിൻ്റെ നയപരമായ കാര്യമായതിനാൽ ഇടപെടാനാകില്ലെന്നും കോടതി ചൂണ്ടികാട്ടി.
ഹർജിക്കാർക്ക് വനിതാ ശിശു വികസന മന്ത്രാലയത്തെ സമീപിക്കാമെന്നും, മാതൃകാ നയം രൂപപ്പെടുത്താനാകുമോയെന്ന് പരിശോധിക്കാന്‍ മന്ത്രാലയം സെക്രട്ടറിയോട് അഭ്യർത്ഥിക്കുന്നതായും കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് സുപ്രീം കോടതി ഉത്തരവ് തടസ്സമാകില്ലെന്നുമാണ് കോടതിയുടെ ഉത്തരവിലുള്ളത്. വിവിധ സംസ്ഥാനങ്ങളിൽ ആർത്തവ അവധി വ്യത്യസ്ത രീതിയിലാണെന്നും, അതിനാൽ ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരമുള്ള തുല്യതയ്ക്കുള്ള അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വിവിധ സ്ത്രീ സംഘടനകൾ ഹർജി നൽകിയത്.