പെരുമ്പാവൂരിലെ വിദ്യാർഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ ബെഞ്ചാണ് ശിക്ഷ സ്റ്റേ ചെയ്തത്. പ്രതിയുടെ മനശാസ്ത്ര-ജയിൽ സ്വഭാവ റിപ്പോർട്ട് ഹാജരാക്കുവാനും ശിക്ഷ ലഘൂകരിക്കുവാൻ കാരണങ്ങൾ ഉണ്ടെങ്കിൽ അതേക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുവാനും കോടതി നിർദേശിച്ചു.
വീണ്ടും കേസ് പരിഗണിക്കുന്ന മൂന്നു മാസം വരെയാണ് വധശിക്ഷ സ്റ്റേ ചെയ്തിരിക്കുന്നത്. അമീറുൽ ഇസ്ലാം ജയിലിൽ ചെയ്ത ജോലി, പെരുമാറ്റ രീതി എന്നിവ വിയ്യൂർ ജയിൽ സൂപ്രണ്ട് സുപ്രീം കോടതിയെ അറിയിക്കണം. അമീറുളിന്റെ മനഃശാസ്ത്ര വിശകലനം നടത്തുന്നതിനായി തൃശൂർ മെഡിക്കൽ കോളേജ് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും കോടതി അറിയിച്ചു. വധശിക്ഷാ വിരുദ്ധ പ്രവർത്തകയായ നൂരിയ അൻസാരിക്ക് ജയിലിൽ അമീറുളിനെ കാണുവാൻ അവസരം ഒരുക്കണം. കൂടിക്കാഴ്ച നടക്കുമ്പോൾ ജയിലധികൃതർ അടുത്തുണ്ടാകരുതെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്.