NEWSROOM

ഗോദ്ര ട്രെയിൻ തീവെപ്പ് കേസ്: ജനുവരി 15ന് സുപ്രീം കോടതി ഹർജികൾ പരിഗണിക്കും

ഗോദ്രയിൽ സബർമതി എക്‌സ്‌പ്രസിൻ്റെ എസ്-6 കോച്ച് തീവെക്കുകയും 59 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു

Author : ന്യൂസ് ഡെസ്ക്

2002ലെ ഗോദ്ര ട്രെയിൻ തീവെപ്പ് കേസിൽ ഗുജറാത്ത് സർക്കാരും മറ്റ് നിരവധി പ്രതികളും സമർപ്പിച്ച അപ്പീലുകൾ ജനുവരി 15 ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. കേസിൽ അടുത്ത വാദം കേൾക്കുന്ന തീയതി മാറ്റിവയ്ക്കില്ലെന്ന് ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, രാജേഷ് ബിന്ദൽ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

2002 ഫെബ്രുവരി 27 ന് ഗുജറാത്തിലെ ഗോദ്രയിൽ സബർമതി എക്‌സ്‌പ്രസിൻ്റെ എസ്-6 കോച്ച് തീവെക്കുകയും 59 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇത് സംസ്ഥാനത്ത് കലാപ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കാരണമായിരുന്നു. അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സർക്കാർ അന്വേഷണ കമ്മീഷനെ രൂപീകരിച്ചിരുന്നു. ജസ്റ്റിസ് ജി ടി നാനാവതി, ജസ്റ്റിസ് കെ ജി ഷാ എന്നിവരടങ്ങുന്നതായിരുന്നു കമ്മീഷൻ.


കൊല്ലപ്പെട്ട 59 പേരിൽ ഭൂരിഭാഗവും ഉത്തർപ്രദേശിലെ അയോധ്യയിൽ നിന്ന് മടങ്ങുകയായിരുന്ന കർസേവകരാണെന്ന് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കേസിൽ 11 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു കൊണ്ട് ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ വിധിയെ ചോദ്യം ചെയ്തു കൊണ്ട് നിരവധി പേർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിലാണ് ജനുവരി 15 ന് സുപ്രീം കോടതി വാദം കേൾക്കുന്നത്.

SCROLL FOR NEXT