NEWSROOM

സിദ്ദീഖിനെതിരായ ലൈംഗികാരോപണം; നടിയുടെ മൊഴിയെടുപ്പ് പൂർത്തിയായി

കൂടിയാലോചനക്ക് ശേഷമായിരിക്കും രഹസ്യമൊഴി രേഖപ്പെടുത്തുന്നതെന്ന് എസ്.ഐ ആശാ ചന്ദ്രൻ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്


നടൻ സിദ്ദീഖിനെതിരായ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് നടിയുടെ മൊഴിയെടുക്കൽ പൂർത്തിയായി.തിരുവനന്തപുരത്ത് വെച്ചായിരുന്നു യുവതിയുടെ മൊഴിയെടുത്തത്. ഏകദേശം മൂന്ന് മണിക്കൂറോളം അന്വേഷണ സംഘം മൊഴിയെടുത്തു. കൂടിയാലോചനക്ക് ശേഷമായിരിക്കും രഹസ്യമൊഴി രേഖപ്പെടുത്തുന്നതെന്ന് എസ്.ഐ ആശാ ചന്ദ്രൻ അറിയിച്ചു.

യുവനടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സിദ്ദീഖിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നിവയ്ക്കാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് സിദ്ദീഖിനെതിരെ നടി പരാതി നല്‍കിയത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി.


2004 ല്‍ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. ഡിജിപിക്ക് ഇ-മെയില്‍ വഴിയാണ് പരാതി നല്‍കിയത്. യുവതി ആരോപണവുമായി രംഗത്തെത്തിയതിനു പിന്നാലെ, AMMA ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് സിദ്ദീഖിന് രാജിവെക്കേണ്ടി വന്നിരുന്നു.

അതേസമയം നടൻ ജയസൂര്യക്കെതിരെ ലൈംഗിക ആരോപണ പരാതി നൽകിയ നടിയുടെ മൊഴിയെടുപ്പ് മൂന്ന് മണിക്കൂറുകൾ പിന്നിടുന്നു. പ്രത്യേക അന്വേഷണ സംഘം കൊച്ചിയിൽ എത്തിയാണ് മൊഴി രേഖപ്പെടുത്തുന്നത്. ആലുവയിലെ ഫ്ലാറ്റിലെത്തിയാണ് ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കുന്നത്. ജയസൂര്യ ഉൾപ്പെടെ ഏഴുപേർക്കെതിരെയാണ് പരാതി നൽകിയത്. പരാതിയുമായി മുന്നോട്ടുപോകുമെന്ന് നടി ന്യൂസ് മലയാളത്തോട് വ്യക്തമാക്കി.

SCROLL FOR NEXT