അപ്രതീക്ഷിതമായ എത്തിയ ദുരന്തം വയനാട്ടിൽ നിന്നും ഇല്ലാതാക്കിയത് പ്രകൃതി മനോഹരമായ ഗ്രാമങ്ങൾ കൂടിയാണ്. വയനാട്ടിലെത്തുന്ന ടൂറിസ്റ്റുകളുടെ ഇഷ്ട സഞ്ചാര കേന്ദ്രമായിരുന്നു അട്ടമലയും, ആറൻമലയും പുഞ്ചിരി മട്ടവുമെല്ലാം. എന്നാൽ വെള്ളച്ചാട്ടവും പച്ചപ്പും നിറഞ്ഞു നിന്നിരുന്ന പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും ഇപ്പോഴുള്ളത് പാറക്കല്ലുകളും ചെളിയും കടപുഴകി വീണ മരങ്ങളും മാത്രം.
വറ്റാത്ത തെളിനീരുറവ തന്നിരുന്ന വെള്ളച്ചാട്ടത്തിൻ്റെ ഭംഗിക്കൊപ്പം ആകാശം തൊടുന്ന മലനിരകൾ. പച്ചപ്പരവതാനി വിരിച്ചു നിൽക്കുന്ന കുന്നിൻ പുറങ്ങൾ. ഇതായിരുന്നു പുഞ്ചിരിമട്ടം മേഖല. എന്നാൽ ഇന്ന് അതെല്ലാം മാറി. മരങ്ങൾ നിന്നിരുന്ന സ്ഥലത്ത് ഇന്നുള്ളത് കുന്നോളം വലിപ്പമുള്ള പാറക്കല്ലുകൾ. വിനോദ സഞ്ചാരികൾ ഇറങ്ങി കുളിച്ചിരുന്ന മലയിടുക്കുകളിൽ 25 അടിയോളം ഉയരത്തിൽ മൺകൂനകൾ.
Also Read:
ഒരു നാടിനാകെ തണൽ വിരിച്ച മരങ്ങൾ കടപുഴകി. അതിനുമപ്പുറം പുഞ്ചിരിമട്ടം, മുണ്ടക്കൈ എന്നീ രണ്ട് ഗ്രാമങ്ങൾ തന്നെ ഇല്ലാതായി. പുഞ്ചിരി മട്ടത്ത് 25 ലേറെ കുടുംബങ്ങളാണ് താമസിച്ചിരുന്നത്. ഇതിൽ പത്തിലേറെ വീടുകൾ മലവെള്ളപ്പാച്ചിലിൽ നാമാവശേഷമായി. ഏറ്റവും കൂടുതൽ വീടുകളും കടകളും പള്ളികളുമുണ്ടായിരുന്ന മുണ്ടക്കൈയിൽ ഇന്ന് അവശേഷിക്കുന്നത് ചില വീടുകളുടെ ബാക്കിപത്രങ്ങൾ മാത്രം.
സർക്കാർ കണക്കിൽ മേഖലയിലെ 200 ഓളം ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്ന് പറയുമ്പോഴും നാട്ടുകാരുടെ കണക്ക് ഇതിലും എത്രയോ ഇരട്ടിയാണ്. കഴിഞ്ഞ ദിവസം വരെ ഒരുമിച്ചിരുന്ന് ചായ കുടിച്ച, രാഷ്ട്രീയം ചർച്ച ചെയ്ത, തമാശകൾ പങ്കുവെച്ചവർ ഇന്നില്ല. അതുകൊണ്ടുതന്നെ ദുരന്തത്തിന് മുൻപ് ക്യാംപുകളിലേക്ക് മാറിയവർ തിരിച്ചു വരാൻ മടിക്കുകയാണ്. യഥാർഥത്തിൽ പുഞ്ചിരി മാത്രം നൽകിയ പുഞ്ചിരിമട്ടം ഇന്ന് സങ്കട കടലായി മാറി.