NEWSROOM

ഗാസയിലെ മനുഷ്യക്കുരുതിക്ക് അമേരിക്ക നൽകിയത് വൻ പ്രഹരശേഷിയുള്ള ആയുധങ്ങള്‍..

ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന യുദ്ധത്തിന് യുഎസ് വന്‍ തോതില്‍ ആയുധ സഹായം നല്‍കിയെന്ന് യുഎസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍

Author : ന്യൂസ് ഡെസ്ക്

ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന യുദ്ധത്തിന് യുഎസ് വന്‍ തോതില്‍ ആയുധ സഹായം നല്‍കിയെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. യുദ്ധം ആരംഭിച്ചതിന് ശേഷം 10,000 വന്‍ പ്രഹരശേഷിയുള്ള 2,000 പൗണ്ട് ബോംബുകളും ആയിരക്കണക്കിന് ഹെല്‍ഫയര്‍ മിസൈലുകളുമാണ് ബൈഡന്‍ ഭരണകൂടം ഇസ്രയേലിന് നല്‍കിയതെന്നാണ് രണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്.

ഈ ഉദ്യോഗസ്ഥര്‍ പറയുന്ന പ്രകാരം, കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ അടുത്തകാലം വരെ 2,000 പൗണ്ട് എംകെ-84 ബോംബുകള്‍, 500 പൗണ്ടിന്‍റെ 6,500 ബോംബുകള്‍, 3000 ഹെല്‍ഫയര്‍ എയര്‍ ടു ഗ്രൗണ്ട് മിസൈലുകള്‍, 1000 ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍, 2600 ചെറിയ എയര്‍ ഡ്രോപ്ഡ് ബോംബുകള്‍ എന്നിവയാണ് യു എസ് ഇസ്രയേലിന് നല്‍കിയിട്ടുള്ളത്. വെളിപ്പെടുത്തല്‍ നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് ഈ വസ്തുതകള്‍ പരസ്യമായി പറയുവാന്‍ അധികാരമില്ല.

ഉദ്യോഗസ്ഥര്‍ ആയുധങ്ങള്‍ കൈമാറിയ സമയം കൃത്യമായി പറയുന്നില്ലെങ്കിലും യു എസ് സൈന്യത്തിന്‍റെ ഭാഗത്തു നിന്നും നിരന്തരമായി ആയുധ ഷിപ്‌മെന്‍റുകള്‍ ഇസ്രയേലില്‍ എത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. അന്താരാഷ്ട്ര തലത്തില്‍ ആയുധ വിതരണത്തിന് പരിധി കൊണ്ടുവരണമെന്ന് വാദിക്കുന്ന യുഎസ് അടുത്തിടെ ശക്തമായ ബോംബുകളുടെ ഒരു ഷിപ്‌മെന്‍റ് താൽക്കാലികമായി തടയുന്ന ഭരണപരമായ തീരുമാനവും എടുത്തിരുന്നു. റഫയില്‍ അഭയാര്‍ഥി ക്യാംപുകള്‍ക്കു നേരെ നടന്ന ഇസ്രയേല്‍ ആക്രമണത്തിന് ശേഷമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് യുഎസ് എത്തുന്നത്.

എട്ട് മാസമായി ഗാസയില്‍ ഇസ്രയേല്‍ ഉപയോഗിച്ചു വരുന്ന അയുധങ്ങളുടെ അതേ ശ്രേണിയില്‍പ്പെടുന്ന ആയുധങ്ങളാണ് യുഎസ് ഷിപ്‌മെന്‍റില്‍ ഉണ്ടായിരുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒക്ടോബര്‍ 7ന് നടന്ന ഹമാസ് ആക്രമണത്തില്‍ 1200 ആളുകള്‍ മരിക്കുകയും 250 പേര്‍ ബന്ദികളാക്കപ്പെട്ടുവെന്നുമാണ് ഇസ്രയേല്‍ കണക്കുകള്‍.

ഹമാസിനോടും ഹിസ്ബുല്ലയോടുമുള്ള പോരാട്ടങ്ങളില്‍ ഇസ്രയേലിന് അമേരിക്കന്‍ സഹായം ലഭിക്കുന്നുണ്ടെന്നതിന്‍റെ സൂചനകളാണ് യുഎസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലിലൂടെ തെളിയുന്നത്.

ഗാസയില്‍ യുദ്ധം തുടങ്ങിയപ്പോള്‍ മുതല്‍ അമേരിക്കന്‍ സഹായത്തോടെ ഇസ്രയേലും, ഇറാന്‍ പിന്തുണയോടെ ഹിസ്ബുല്ലയും ആയുധങ്ങള്‍ സംഭരിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎന്‍ പിന്തുണയോടെയിറങ്ങിയ മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം ഗാസയില്‍ പതിനായിരക്കണക്കിന് കുട്ടികളാണ് ബോംബാക്രമണത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കാണാതായിരിക്കുന്നത്.

ആയുധ കൈമാറ്റവുമായി ബന്ധപ്പെട്ട് യുഎസില്‍ നിന്നും പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. യുഎസ് ആയുധങ്ങള്‍ പിടിച്ചുവെച്ചിരിക്കുകയാണെന്നാണ് കഴിഞ്ഞ ആഴ്ചകളില്‍ ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നത്.

SCROLL FOR NEXT