NEWSROOM

ഇറാനെ ആക്രമിക്കാനുള്ള ഇസ്രയേൽ പദ്ധതി ചോർന്ന സംഭവം; അന്വേഷണം ആരംഭിച്ച് യുഎസ്

ദേശീയ ജിയോ സ്പേഷ്യൽ ഇന്റലിജന്‍സ് ഏജന്‍സി പെന്റഗണിന് കൈമാറിയ രണ്ട് റിപ്പോര്‍ട്ടുകളാണ് ചോര്‍ന്നതെന്നാണ് വിവരം

Author : ന്യൂസ് ഡെസ്ക്

ഇറാനെ ആക്രമിക്കാനുള്ള ഇസ്രയേൽ പദ്ധതിയുമായി ബന്ധപ്പെട്ട അമേരിക്കൻ രഹസ്യാന്വേഷണ രേഖകൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ച് യുഎസ്. അന്വേഷണം ആരംഭിച്ചെന്ന് ജനപ്രതിനിധി സഭാ സ്പീക്കർ മൈക്ക് ജോൺസൺ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് ഇറാനെതിരെയുള്ള ഇസ്രയേൽ ആക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട അമേരിക്കൻ രഹസ്യാന്വേഷണ രേഖകൾ ചോർന്നതായുള്ള റിപ്പോർട്ട് പുറത്തു വന്നത്.


ദേശീയ ജിയോ സ്പേഷ്യൽ ഇന്റലിജന്‍സ് ഏജന്‍സി പെന്റഗണിന് കൈമാറിയ രണ്ട് റിപ്പോര്‍ട്ടുകളാണ് ചോര്‍ന്നതെന്നാണ് വിവരം. ഒക്ടോബർ 15, 16 തീയതികൾ രേഖപ്പെടുത്തിയിട്ടുള്ള ഈ രേഖകൾ ഇറാൻ അനുകൂല ടെലഗ്രാം അക്കൗണ്ടുകളിലൂടെയാണ് ആദ്യം വ്യാപകമായി പ്രചരിച്ചത്.

ഇറാനെതിരായ ആക്രമണത്തിനുള്ള തയ്യാറെടുപ്പുകൾ ഇസ്രയേൽ വ്യോമസേന തുടരുന്നുവെന്നും തന്ത്രപ്രധാന മേഖലകളിലേക്ക് ആയുധങ്ങൾ ഉൾപ്പെടെ ഇസ്രയേൽ സേന നീക്കുന്നുവെന്നും സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് ഈ രേഖകളിലുള്ളത്. അമേരിക്കൻ ചാര ഉപഗ്രഹങ്ങൾ പകർത്തിയ, ഇസ്രയേൽ സേനയുടെ പരിശീലന ദൃശ്യങ്ങളുടെ വിലയിരുത്തലടക്കമുള്ള രേഖകളാണ് ചോർന്നത്. ഈ രേഖകൾ എങ്ങനെ ചോർന്നുവെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന.

SCROLL FOR NEXT