NEWSROOM

മാലക്കരയിൽ മതിൽ ഇടിഞ്ഞു വീണു; രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം

ബിഹാർ, പശ്ചിമ ബംഗാൾ സ്വദേശികളായ ഗുഡു കുമാർ, രത്തൻ മണ്ടേൽ എന്നീ തൊഴിലാളികളാണ് മരിച്ചത്

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട മാലക്കരയിൽ മതിൽ ഇടിഞ്ഞു വീണ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം. ബിഹാർ, പശ്ചിമ ബംഗാൾ സ്വദേശികളായ ഗുഡു കുമാർ, രത്തൻ മണ്ടേൽ എന്നീ തൊഴിലാളികളാണ് മരിച്ചത്. ജില്ലാ റൈഫിൾ ക്ലബ്ബിലെ കിടങ്ങിന്റെ നിർമ്മാണത്തിനിടെയാണ് കോൺക്രീറ്റ് ബീം ഇടിഞ്ഞ് തൊഴിലാളികളുടെ ദേഹത്ത് വീണത്. 


പത്തനംതിട്ട ജില്ല റൈഫിൾ ക്ലബ്ബിന്റെ കിടങ്ങ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട ജോലിക്കിടെ കോൺക്രീറ്റ് ബീമിന് താഴെയുണ്ടായിരുന്ന മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. ഇതോടെ കോൺക്രീറ്റ് ബീമും കട്ടകളും താഴെ നിന്ന് ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് പതിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് തൊഴിലാളികളെയും ഉടൻ തന്നെ കോഴഞ്ചേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല. മരിച്ചവർ ഉൾപ്പെടെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ആയിരുന്നു അപകടം നടക്കുന്ന സമയം അവിടെ ഉണ്ടായിരുന്നത്. ഒരാൾ ഓടി മാറിയതിനാൽ അപകടം ഒഴിവായി. മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങൾ നിലവിൽ കോഴഞ്ചേരി ജനറൽ ആശുപത്രി മോർച്ചറിയിലാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ആയിരിക്കും തുടർ നടപടികൾ.

ദൗ‍‍ർഭാ​ഗ്യകരമായ സംഭവമാണ് ഉണ്ടായതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അപകടത്തിൽ പ്രതികരിച്ചു. മരിച്ചവരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടികൾ ആരംഭിച്ചെന്ന് മന്ത്രി വീണാ ജോർജ് പ്രതികരിച്ചു. മരിച്ച രണ്ട് പേ‍ർ ഉൾപ്പെടെ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. ഇവരുടെ താമസസ്ഥലത്ത് നിന്ന് ഐഡി കാ‍ർഡ് ഉൾപ്പെടെ കണ്ടെടുക്കുന്നുണ്ട്. പോസ്റ്റ്മോ‍ർട്ടം നടപടികൾക്കായുള്ള നി‍ർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇവരുടെ കുടുംബാംഗങ്ങളെ കണ്ടെത്തി ആവശ്യമായ സഹായങ്ങൾ നൽകും. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ അവ‍ർ താൽപര്യപ്പെടുന്നെങ്കിൽ അതിനുള്ള സഹായം നൽകുമെന്നും വീണാ ജോർജ് അപകടത്തിൽ പ്രതികരിച്ചു.

SCROLL FOR NEXT