നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ ഇന്ത്യാ മുന്നണിയുടെ ഉജ്ജ്വല വിജയത്തിന് പിന്നാലെ അഭിനന്ദനവുമായി കോൺഗ്രസ് നേതാക്കൾ. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ കേന്ദ്രമന്ത്രി പി. ചിദംബരം എന്നിവരാണ് സ്ഥാനാർഥികൾക്ക് അഭിനന്ദനങ്ങൾ നേർന്നും, ബിജെപിയെ വിമർശിച്ചും രംഗത്തെത്തിയത്. 13 സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി 10 സീറ്റുകൾ നേടിയപ്പോൾ ബിജെപിക്ക് രണ്ട് സീറ്റുകൾ മാത്രമാണ് നേടാനായത്.
അഹങ്കാരവും ദുർഭരണവും, നിഷേധാത്മക രാഷ്ട്രീയവുമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് കാരണമെന്ന് ഇന്ത്യാ മുന്നണിയുടെ അധ്യക്ഷനും കോൺഗ്രസ് ദേശീയാധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും രാഷ്ട്രീയ വിശ്വാസ്യത തകരുന്നതിൻ്റെ ശക്തമായ തെളിവാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്നും സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെ ഖാർഗെ വ്യക്തമാക്കി.
എക്സ് പോസ്റ്റ് വഴി തന്നെയായിരുന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും പ്രതികരണം. കഠിനാധ്വാനത്തിനും പ്രതികൂല സാഹചര്യങ്ങളിൽ പ്രയതനിച്ചതിനും എല്ലാ കോൺഗ്രസ് പ്രവർത്തകരെയും ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു. ബിജെപിയുടെ ധാർഷ്ട്യവും നിഷേധാത്മകവുമായ രാഷ്ട്രീയം ജനങ്ങൾ പാടെ തള്ളികളഞ്ഞിരിക്കുന്നു എന്നാണ് ഈ വിജയം വ്യക്തമാക്കുന്നത്. ഈ ഉപതെരഞ്ഞെടുപ്പ് ഫലം ബിജെപി നെയ്ത ‘ഭയത്തിൻ്റെയും ആശയക്കുഴപ്പത്തിൻ്റെയും’ വല തകർന്നുവെന്ന് വ്യക്തമാക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി കുറിച്ചു.
കർഷകർ, യുവാക്കൾ, തൊഴിലാളികൾ, വ്യവസായികൾ, തൊഴിലുടമകൾ എന്നിവരുൾപ്പെടെ എല്ലാ വിഭാഗവും സ്വേച്ഛാധിപത്യത്തെ പൂർണമായും നശിപ്പിക്കാനും നീതിയുടെ ഭരണം സ്ഥാപിക്കാനും ആഗ്രഹിക്കുന്നു. പൊതുജനങ്ങൾ അവരുടെ ജീവിത പുരോഗതിക്കും ഭരണഘടനയുടെ സംരക്ഷണത്തിനുമായി ഇന്ത്യ മുന്നണിക്കൊപ്പം നിൽക്കുകയാണെന്നും രാഹുൽ ഗാന്ധി ചൂണ്ടികാട്ടി. അതേസമയം തൊഴിലില്ലായ്മയും വിലക്കയറ്റവും വിദ്വേഷം പരത്തുന്നതുമാണ് ജനങ്ങൾക്ക് ബിജെപിയിൽ അപ്രീതിയുണ്ടാവാൻ കാരണമായതെന്നായിരുന്നു മുൻ കേന്ദ്രമന്ത്രി ചിദംബരം പറഞ്ഞത്.
അതേസമയം മത്സരിച്ച നാല് സീറ്റുകളും തൂത്ത് വാരിയ തൃണമൂൽ കോൺഗ്രസിൻ്റെ പ്രകടനത്തെ വൻ വിജയമെന്ന് നേതാവ് മമത ബാനർജി വിശേഷിപ്പിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിയെ തള്ളിക്കളഞ്ഞിരുന്നു. ഉപതെരഞ്ഞെടുപ്പിലും ഇതേ ഫലം ആവർത്തിച്ച് ബംഗാളിലെ ജനങ്ങൾ വീണ്ടും ബിജെപിയെ തള്ളിക്കളഞ്ഞെന്നും മമത പറഞ്ഞു.