NEWSROOM

ലോകം ഇനി പാരീസിലേക്ക്; ഒളിംപിക്സിന് തുടക്കമായി

ഒളിംപിക് പരേഡില്‍ ഇന്ത്യയുടെ പതാക വഹിക്കുന്നത് പി.വി സിന്ധുവും ശരത് കമലുമാണ്

Author : ന്യൂസ് ഡെസ്ക്

വിശ്വ കായിക മാമാങ്കത്തിന് തുടക്കം കുറിച്ച് പാരീസ് നഗരമധ്യത്തിലെ ഓസ്റ്റര്‍ലിറ്റ്‌സ് പാലത്തിനു മുകളില്‍, ഇന്ത്യൻ സമയം ശനിയാഴ്ച രാത്രി 11 മണിയോടെയാണ് നീല, വെള്ള, ചുവപ്പ് നിറങ്ങളിൽ പുകച്ചുരുളുകൾ പ്രത്യക്ഷപ്പെട്ടു. പിന്നാലെ സെയ്ന്‍ നദിയിലൂടെ ഗ്രീസിലെ കായിക താരങ്ങളെയും വഹിച്ചുകൊണ്ടുള്ള ബോട്ട് കാണികള്‍ക്ക് ഓരോന്നായി ഒഴുകിയിറങ്ങി.

അവര്‍ക്ക് പുറകെ അഭയാര്‍ഥികളായ കായിക താരങ്ങളുടെ ബോട്ടുകളും പ്രത്യക്ഷപ്പെട്ടു. ഏഴ് രാജ്യങ്ങളില്‍ നിന്നായി പലായനം ചെയ്യേണ്ടി വന്ന 37 കായിക താരങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. പിന്നാലെ ലേഡി ഗാഗയുടെ മോണ്‍ ട്രൂക് എന്‍ പ്ലൂംസ് എന്ന ഗാനവും കാണികളുടെ കാതുകൾക്ക് ഇമ്പമേകി. കറുത്ത ഗൗണും പിങ്ക് തൂവലും അണിഞ്ഞെത്തിയ ലേഡി ഗാഗ ഫ്രഞ്ചില്‍ പാടി.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, രാജ്യാന്തര ഒളിംപിക്‌സ് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ് എന്നിങ്ങനെ നിരവധി പ്രമുഖരാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നത്. 10,500 അത്‌ലറ്റുകള്‍ 94 ബോട്ടുകളിലായാണ് സെയ്ന്‍ നദിയിലൂടെ ഒളിംപിക് മാര്‍ച്ച് പാസ്റ്റില്‍ അണിനിരക്കുന്നത്. അക്ഷരമാലാ ക്രമത്തിൽ രാജ്യങ്ങളെ പ്രതിനിധീകരിച്ചാണ് ബോട്ടുകള്‍ പരേഡ് ചെയ്യുന്നത്. പരേഡില്‍ ഇന്ത്യയുടെ പതാക വഹിച്ചത് പി.വി. സിന്ധുവും ശരത് കമലുമായിരുന്നു.

SCROLL FOR NEXT