NEWSROOM

"എന്റെ സെറ്റില്‍ നിന്ന് ആരും കരഞ്ഞ് പോയിട്ടില്ല, ഐസിസിയില്‍ പരാതിയും വന്നിട്ടില്ല"; സൂത്രവാക്യത്തിന്റെ സംവിധായകന്‍ യുജീന്‍ ജോസ്

സംവിധായകന്‍ യുജീനെ കൂടാതെ ചിത്രത്തിന്റെ നിര്‍മാതാവ് ശ്രീകാന്ത് കന്ദ്രഗുലയും വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു

Author : ന്യൂസ് ഡെസ്ക്


നടി വിന്‍സി അലോഷ്യസിന്റെ പരാതി ചിത്രത്തിന്റെ ഐസിസിയില്‍ ഉന്നയിക്കപ്പെട്ടിട്ടില്ലെന്ന് സൂത്രവാക്യം സംവിധായകന്‍ യുജീന്‍ ജോസ് ചിറമ്മേല്‍. സിനിമയുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍. സെറ്റില്‍ ഒരു പരാതിയും ഇല്ലായിരുന്നെന്നും സിനിമയിലെ ചീഫ് ടെക്‌നീഷ്യന്‍മാര്‍ക്കാര്‍ക്കും വിന്‍സി ഉന്നയിച്ച പ്രശ്‌നം അറിയില്ലെന്നും സംവിധായകന്‍ പറഞ്ഞു. സിനിമയുടെ ക്രൂ അംഗങ്ങളെല്ലാം കംഫര്‍ട്ടബിള്‍ ആയിരുന്നുവെന്നാണ് പറഞ്ഞത്. തന്റെ സെറ്റില്‍ ആരും കരഞ്ഞ് പോയിട്ടില്ലെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

സംവിധായകന്‍ യുജീനെ കൂടാതെ ചിത്രത്തിന്റെ നിര്‍മാതാവ് ശ്രീകാന്ത് കന്ദ്രഗുലയും വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു. വിന്‍സി പരാതി നല്‍കിയിരുന്നില്ലെന്നും മാധ്യമങ്ങളിലൂടെ പരാതി അറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിയെന്നുമാണ് നിര്‍മാതാവ് ശ്രീകാന്ത് പറഞ്ഞത്.

സിനിമ സെറ്റില്‍ തനിക്കെതിരെ മോശമായി പെരുമാറിയ നടന്‍ ഷൈന്‍ ടോം ചാക്കോയാണെന്ന് വിന്‍സി അലോഷ്യസ് ഫിലിം ചേംബറിനും ഐസിസിക്കും AMMAയ്ക്കും നല്‍കിയ പരാതിയില്‍ തുറന്ന് പറഞ്ഞിരുന്നു. സൂത്രവാക്യം എന്ന സിനിമ സെറ്റില്‍ വെച്ചാണ് തന്നോട് മോശമായി പെരുമാറിയതെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

അതേസമയം ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. എന്‍.ഡി.പി.എസ് ആക്ടിലെ സെക്ഷന്‍ 27, 29, ഭാരതീയ ന്യായസംഹിതയിലെ 238 എന്നീ വകുപ്പുകള്‍ പ്രകാരമാണ് നടനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. മാതാപിതാക്കളാണ് ഷൈനിനു വേണ്ടി ജാമ്യം നിന്നത്.

SCROLL FOR NEXT