ജൂലിയന്‍ ആല്‍ഫ്രഡ് 
NEWSROOM

'സെന്‍റ് ലൂസിയ എന്നൊരു രാജ്യമുണ്ട്'; നാടിനെ അടയാളപ്പെടുത്തി വേഗറാണിയായി ജൂലിയന്‍ ആല്‍ഫ്രഡ്

10.72 സെക്കന്‍ഡില്‍ ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനവുമായാണ് ജൂലിയന്‍ ആല്‍ഫ്രഡ് മെഡല്‍ വാങ്ങാനായി പോഡിയത്തിലെത്തിയത്

Author : ന്യൂസ് ഡെസ്ക്

പാരിസ് ഒളിംപിക്‌സില്‍ വനിതകളുടെ 100മീറ്റര്‍ ഓട്ടത്തില്‍ ജൂലിയന്‍ ആല്‍ഫ്രഡിനു സ്വര്‍ണം. ഇതിഹാസങ്ങളുടെ നിരയിലേക്ക് ഈ സെന്‍റ് ലൂസിയ താരം ഓടിയെത്തിയപ്പോള്‍ ചരിത്രത്തില്‍ ആദ്യമായി ഒരു കരീബിയന്‍ രാജ്യത്തിനു ഒളിംപിക് മെഡല്‍ ലഭിച്ചു.

10.72 സെക്കന്‍ഡില്‍ ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനവുമായാണ് ജൂലിയന്‍ ആല്‍ഫ്രഡ് മെഡല്‍ വാങ്ങാനായി പോഡിയത്തിലെത്തിയത്. ശനിയാഴ്ചത്തെ ഫൈനലിനു മുമ്പ് ജൂലിയന് ഒരു പ്രധാന ഔട്ട്‌ഡോര്‍ മത്സരത്തിന്‍റെ പോഡിയത്തില്‍ പോലും കയറാന്‍ സാധിച്ചിട്ടില്ല. ഒളിംപിക്സില്‍ സ്വര്‍ണ മെഡലണിഞ്ഞതോടെ അതും പഴങ്കഥയായി.

100 മീറ്റര്‍ മത്സരത്തില്‍ യുഎസ്എയുടെ ഷക്കാരി റിച്ചാര്‍ഡ്സന്‍ 10.87 സെക്കന്‍ഡുമായി വെള്ളിയും സഹതാരം മെലിസ ജെഫേഴ്സന്‍ 10.92 സെക്കന്‍ഡുമായി വെങ്കലവും നേടി. സീസണിലെ ഏറ്റവും മികച്ച സമയം കുറിച്ചുകൊണ്ട് ഒളിംപിക്സിലെത്തിയ ഷക്കാരിക്ക് ഷെല്ലി ആന്‍ ഫ്രേസറിന്‍റെ അഭാവത്തിലും സ്വര്‍ണം നേടാനായില്ല. സെമിഫൈനലിന് യോഗ്യതയുറപ്പിച്ചിട്ടും അവസാനനിമിഷം ഷെല്ലി ആന്‍ഫ്രേസര്‍ മത്സരത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

100 മീറ്ററില്‍ ലോക ചാമ്പ്യനായ റിച്ചാര്‍ഡ്‌സണ്‍ 1996ല്‍ ഗെയില്‍ ഡെവേഴ്‌സിനു ശേഷം ഒളിംപിക് കിരീടം നേടുന്ന ആദ്യ അമേരിക്കന്‍ വനിതയാകുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, സ്റ്റെഡ് ഡെ ഫ്രാന്‍സിലെ മഴപെയ്ത ട്രാക്കില്‍ തുടക്കം മുതല്‍ ഫിനിഷിങ്ങ് ലൈന്‍ വരെ ജൂലിയന്‍റെ കരീബിയന്‍ വേഗതയുടെ പിറകില്‍ ഒതുങ്ങാനേ ഈ വേഗ റാണിക്കു സാധിച്ചുള്ളൂ. സെമി ഫൈനല്‍ മത്സരത്തില്‍ തന്നെ റിച്ചാര്‍ഡ്‌സന് ജൂലിയന്‍ സൂചനകള്‍ നല്‍കിയിരുന്നു. 10.89 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ജൂലിയന്‍ ഫൈനലില്‍ എത്തിയത്.

ജൂലിയന്‍ ആല്‍ഫ്രഡിലൂടെ സെന്‍റ് ലൂസിയയ്ക്ക് ആദ്യമായി ഒരു ഒളിംപിക് മെഡല്‍ നേടാന്‍ സാധിച്ചു. 1996 മുതലാണ് ഈ ദ്വീപ് രാഷ്ട്രം ഗെയിംസില്‍ മത്സരിക്കാന്‍ ആരംഭിച്ചത്. ഈ നേട്ടത്തിന്റെ സാക്ഷ്യപത്രമായിരുന്നു ജൂലിയന്റെ വിജയാഹ്ലാദം. നിറഞ്ഞ കണ്ണുകളുമായി ട്രാക്ക് സൈഡിലേക്ക് ഓടിയെത്തിയ ശേഷമാണ് ജൂലിയന്‍ സെന്റ് ലൂസിയയുടെ പതാക ശരീരത്തില്‍ അണിഞ്ഞത്.

SCROLL FOR NEXT