അദാനി-ഹിൻഡൻബെർഗ് കേസ് പുനഃപരിശോധന ഹർജി തള്ളി സുപ്രീംകോടതി. കേസന്വേഷണം പ്രത്യേക സംഘത്തിന് കൈമാറാത്ത സുപ്രീംകോടതി ഉത്തരവിന് എതിരെയായിരുന്നു ഹർജി. മുൻ ഉത്തരവിൽ പിഴവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. സെബിയിൽ നിന്ന് അന്വേഷണം സിബിഐക്കോ, പ്രത്യേക അന്വേഷണ സംഘത്തിനോ നൽകണം എന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.
സെബി നടത്തുന്ന അന്വേഷണം മൂന്നു മാസത്തിനകം പൂർത്തിയാക്കാൻ നിർദ്ദേശിച്ച കോടതി, മാധ്യമ റിപ്പോർട്ടുകൾ ആധികാരിക തെളിവായി കണക്കാക്കാനാവില്ലെന്നും പറഞ്ഞു. ഹിൻഡൻബെർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടാണ് നാല് പൊതുതാൽപര്യ ഹർജികൾ കോടതിക്ക് മുന്നിൽ എത്തിയത്.
ഹർജികളിൽ ഒരു വർഷം വാദം കേട്ട ശേഷമാണ് പ്രത്യേക അന്വേഷണ സംഘം വേണ്ടെന്ന തീരുമാനം വന്നത്. അന്വേഷണം മാറ്റി നൽകുന്നത് അസാധാരണ സാഹചര്യത്തിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജനുവരി മൂന്നിലെ വിധിക്കെതിരെ പൊതുതാൽപര്യ ഹർജിക്കാരിലൊരാളായ അനാമിക ജയ്‌സ്വാൾ സമർപ്പിച്ച പുനഃപരിശോധനാ ഹർജിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.
ഈ വർഷം ആദ്യം ജനുവരി മൂന്നിന്, സ്റ്റോക്ക് ക്രാഷ് കേസിൽ എസ്ഐടിയോ സിബിഐയോ അന്വേഷണം നടത്തണമെന്ന് ഉത്തരവിടാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. സെബി, ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തുകയാണെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ സെബിയുടെ അന്വേഷണം ആത്മവിശ്വാസം പകരുന്നുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ജനുവരി 24 ന്, അദാനി എൻ്റർപ്രൈസസ് ഓഹരി വിൽപ്പനയ്ക്ക് മുന്നോടിയായി കമ്പനിക്കെതിരെ ഒരു റിപ്പോർട്ട് ഹിൻഡൻബർഗ് റിസർച്ച് പുറത്തിറക്കിയിരുന്നു. ഇത് അദാനി ഗ്രൂപ്പിൻ്റെ ഓഹരികളിൽ 86 ബില്യൺ ഡോളറിൻ്റെ നഷ്ടമുണ്ടാക്കുകയും ചെയ്തു.